മലയാളം എഴുത്തിലെ അറബി വസന്തം ::അബ്ദുൽ ലത്തീഫ് വി


 ഇന്നു അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ലോകമെമ്പാടുമുള്ള ഭാഷാ പ്രേമികള്‍ ഡിസമ്പര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാദിനം ആചരിക്കുകയാണ് .2010 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ അറബി ഭാഷാ ദിനം ആചരിക്കാന്‍ തുടങ്ങിയത് ലോകത്തി ന്റെ സാമ്പത്തിക വാണിജ്യരംഗങ്ങളിലും മത സാഹിത്യ സാങ്കേതിക മേഖലയിലും വലിയ പ്രാധാന്യമുള്ള  ഭാഷയാണ് അറബി ഇരുപത്തഞ്ച് രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷായായും 50 കോടിയിലധികം ആളുകള്‍ സംസാര ഭാഷയായും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട്. അറബ് രാജ്യങ്ങളല്ലാത്ത നിരവധി രാജ്യങ്ങളിലായി ലക്ഷക്കണക്കിിനാളുകള്‍ വേറെയും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട്.



വിശുദ്ധ ഖുര്‍ആന്റെ ഭാഷയായതിനാലാണ് അറബി ഭാഷ ആഗോള തലത്തില്‍ പ്രചരിച്ചതെങ്കില്‍ ഇന്ന് വിദ്യാഭ്യാസ സാംസ്ക്കാരിക വാണിജ്യമേഖലയിലും ടൂറിസം രംഗത്തുമുള്ള  അനന്തമായ തൊഴില്‍ സാധ്യതകളാണ് ലോകമെമ്പാടും അറബി ഭാഷയെ ശ്രദ്ധേയമാക്കികൊണ്ടിരിക്കുന്നത്

കേരളവും അറബിഭാഷയും   തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. കേരളത്തില്‍ മാത്രം 50 ലക്ഷം ജനങ്ങള്‍ അറബി ഭാഷയില്‍ സാക്ഷരരാണ്. അറബി രാഷ്ട്ര ഭാഷയല്ലാത്ത നാടുകളില്‍ ആ ഭാഷയും സംസ്ക്കാരവും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും പ്രചാരം നേടിയിട്ടുള്ളതും കേരളത്തിലാണ്. അതുകൊണ്ട് തന്നെ അറബി ഭാഷാ സാഹിത്യ രംഗത്തും തൊഴില്‍ രംഗത്തും അനന്തമായ അവസരങ്ങളും സാധ്യതകളുമാണ് മലയാളികള്‍ക്കുള്ളത്. ഭാഷ, സാഹിത്യം, മതം, ചരിത്രം  തുടങ്ങിയ വിഷയങ്ങളില്‍ പൂര്‍വ്വികരും ആധുനികരുമായ നിരവധി പണ്ഡിതന്മ‍ാരുടെ രചനകള്‍ അറബ് നാടുകളിൽ പ്രചുരപ്രചാരം നേടിയിട്ടുണ്ടെങ്കിലും മലയാള രചനകളുടെയും സാഹിത്യകൃതികളുടെ യും അറബി വിവർത്തനങ്ങള്‍ക്ക് ആശാവഹമായ മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സമീപകാലത്തായി കേരളത്തിലെ മലയാളം അറബി പണ്ഡിതന്മാരുമായും സാഹിത്യകാരന്‍മാരുമായും കേരളത്തിലെ യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടമെന്റുകളമായുമുള്ള അറബ് നാടുകളിലെ സാഹിത്യകാരന്മാരുടെ  പുതിയ ബന്ധങ്ങള്‍ അറബി മലാള ഭാഷാ, വിവര്‍ത്തന രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങങ്ങളും ചലനങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലോകത്തെയാകമാനം ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നപ്പോഴും കേരളത്തിലെ വിവിധ കോളേജുകളിലൂടെയും  യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലൂടെയും  മുപ്പതിലധികം വെബിനാറുകളാണ് അറബിഭാഷയിൽ സംഘടിപ്പിക്കപ്പെട്ടത്. മലയാളികള്‍ക്ക് എറെ സുപരിചിതരായ യുഎഇയിലെ പ്രമുഖ കവിയും എഴുത്തുകാരനുമായ ശിഹാബ് ഗാനിം, ഡോ.മറിയം അശ്ശീനാസി തുടങ്ങിയവര്‍ക്ക് പുറമെ അറബി ലോകത്തെ പ്രമുഖ സാഹിത്യകാരന്മാരായ ലുഈ അബ്ബാസ്, ശാക്കിർ നൂരി (ഇറാക്ക്) റിഷ അദലി മുഹമ്മദ്, മാഗി ഉബൈദ് (ലെബനാൻ),   അഷ്റഫ് അബു യസീദ്,  ഈമാന്‍ അഹ്മദ് യൂസഫ്,( ഈജിപ്ത്) സമീറ ഉബൈദ് (ഖത്തർ), ഉബൈദ് ഇബ്രാഹിം ബൂമിൽഹ, ഡോ. മറിയം ഹാഷിമി,  ഡോക്ടർ മറിയം അശ്ലീനാസി (യു എ ഇ ) മുഹമ്മദ് അൽ ബൽ ബാൽ,  മുഹമ്മദ് ബ നീസ് (മൊറോക്കോ), മൂസാ ഹവാമിദ (ജോർദാൻ), ബാസിം ഫറാത്ത് (ന്യൂസ്‌ലന്റ്), ആയിശ ബനൂർ (അൽജീരിയ), ഡോ. സാബിർ നവാസ് (കേരളം) തുടങ്ങിയ പ്രമുഖരും വെബിനാറുകളിലൂടെ മലയാളലോകത്തെ അറബി വൈജ്ഞാനിക സംവാദങ്ങളില്‍ പങ്കാളികളായി.

അറബിഭാഷയിലെ വിവര്‍ത്തനങ്ങള്‍ക്കുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്കാരമായ ഖത്തര്‍ ഗവര്‍മെന്റിന്റെ ശൈഖ് ഹമദ് അവാർഡ് - 2019   തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അറബിക്ക് വിഭാഗം മേധാവി ഡോ എന്‍ ശംനാദ്, വി, എ കബീര്‍ , ശൈഖ് മുഹമ്മദ് തുടങ്ങിയ മലയാളികള്‍ക്കാണ് ലഭിച്ചത്.

‍‍ മലയാള ഭാഷക്കും സാഹിത്യത്തിനും സംസ്ക്കാരത്തിനും അറബ് നാടുകളില്‍ ഏറെ സ്വാകാര്യതയാണ് സമീപ വർഷങ്ങളിൽ  ലഭിച്ചിട്ടള്ളത് എന്നത് ഇന്ത്യക്കാര്‍ക്കു പൊതുവിലും മലയാളിള്‍ക്ക് പ്രത്യേകിച്ചും അഭിമാനകരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തക ചന്തയായ ഷാര്‍ജാ ബുക്ക്ഫെയറിനോടനുബന്ധിച്ച് 2019, 2020 വർഷങ്ങളിൽ കേരളത്തിലെ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളാണ് മലയാളത്തിലും അറബിയിലും പ്രകാശിതമായത്‍. ‍ ‍

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം മുകുന്ദൻ എഴുതിയ  മയ്യഴിപ്പുഴയുടെ തീരങ്ങളിൽ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്  ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. കെഎം അലാവുദ്ദീൻ ഹുദവിയാണ് വിവർത്തകൻ.  മലയാളികളുടെ അഭിമാനമായ വൈക്കം മുഹമ്മദ് ബഷീറിന്റെ മാസ്റ്റര്‍ പീസായ ബാല്യകാലസഖി ‘റഫീഖത്തു അസ്വിബ’ എന്നപേരില്‍ അറബിയിലേക്ക് മൊഴിമാറ്റിയത് ഖത്തര്‍ മലയാളിയായ സുഹൈൽ വാഫി യാണ് .ബെയ്റൂത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത അറബ് പ്രസാധകരായ അറബ് സയൻറിഫിക് പബ്ലിശേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ബിഎം സുഹ്റയുടെ 'ഇരുട്ട്' എന്ന നോവലും പ്രശസ്ത കവി വീരാൻ കുട്ടിയുടെ നൂറ് കവിതകളുടെ വിവർത്തനവും (നിശബ്ദ തയുടെ മുഴക്കങ്ങൾ) ഇദ്ധേഹമാണ് അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത്.

ജീവിതം (വൈക്കം മുഹമ്മദ് ബഷീർ), മനുഷ്യനും പ്രകൃതിയും (എസ് കെ പൊറ്റക്കാട്), പ്രകാശം പരത്തുന്ന പെൺകുട്ടി,കടൽ ( ടി പത്മനാഭൻ),  കോലാട്, വിശുദ്ധ പശു (കമലാസുരയ്യ) തുടങ്ങിയ പ്രഗല്‍ഭ മലയാള  സാഹിത്യകാരന്‍മാരുടെ 6 കഥകളടക്കം 12 ഇന്ത്യന്‍ കഥകള്‍ കാസര്‍കോഡ് സ്വദേശിയായ ഡോ.അബ്ദുല്‍ കരീം ഹുദവി അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് 'ക്വിസസും മിനല്‍ ഹിന്ദി' എന്ന കഥാസമാഹാരത്തിൽ ഉള്‍പ്പെടുത്തി ഷാര്‍ജാ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്യുകയുണ്ടായി. മലായാളികളുടെ സംസ്ക്കാരത്തില്‍ ആകൃഷ്ടനായി 2015 മുതല്‍ വിവിധ സമയങ്ങളിലായി കേരളത്തില്‍ വന്ന് താമസിച്ച യുഎഇ യില്‍ താമസക്കാരനായ യുവ ജോര്‍ദാന്‍ സാഹിത്യകാരന്‍ മുഹമ്മദ് നാബില്‍സി തന്റെ ആദ്യ നോവലായ 'തമര്‍ മസാല' കേരളത്തിന്റെ സാമൂഹിക ജീവിതവും മലയാളികളുടെ ഭക്ഷണ വൈവിധ്യങ്ങളെയും അദ്ധേഹം നേരിട്ടു സാക്ഷ‍ിയായ 2018ലെ പ്രളയത്തിലെ മലയാളികളുടെ ഐക്യവും സാഹോദര്യവും വരെ ഇതിവൃത്തമാക്കി രചിച്ച നോവലാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അധ്യാപകന്‍ ഡോ.അബ്ദുല്‍ ഗഫൂര്‍ കെടിയാണ് ഈ നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

ഡോ.അബ്ദുല്ല കാവില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഐപിഎസ് ഓഫീസറായ സഞ്ജയ്കുമാര്‍ ഗുരുഡിന്‍ രചിച്ച 'ഹല്‍ അത്ഫാലുക്കും ആമിനൂന്‍' എന്ന പുസ്തകം ഷാര്‍ജാ ബുക്ക്ഫെയറിലാണ് പ്രകാശനം ചെയ്തത്.

മലയാളിയുടെ അഭിമാനമായ എം.ടിയുടെ നാലുകെട്ട് മലയാളത്തില്‍നിന്നും നേരിട്ടാണ് മുസ്തഫാ വാഫിയും അനസ് വാഫിയും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറബിയിലേക്ക് വിവര്‍ത്തനംചെയ്ത് പുറത്തിറക്കിയത്‍. എം,ടിയുടെ 'കാലം' ഈജിപ്ത് സാഹിത്യകാരന്‍ സഹര്‍ തൗഫീക്കാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. ബി.എം സുഹ്റയുടെ നിലാവ്, മൊഴി എന്നീ നോവലുകള്‍ സിറിയന്‍ സ്വദേശിയായ സമര്‍ അല്‍ ഷിശ്കലി മൊഴിമാറ്റം നടത്തിയത് അബുദാബി ശൈഖ് സാഇദ് കള്‍ച്ചറല്‍ സെന്റർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  1970 കള്‍ക്ക് ശേഷം കേരളം ചുറ്റിക്കണ്ട സൗദി അറേബ്യയിലെ പ്രഗല്‍ഭ എഴുത്തുകാരനും സഞ്ചാരിയുമായ ശൈഖ് നാസിര്‍ അല്‍ ഉബൂദിയുടെ കേരളത്തില്‍ നി്നുള്ള മനോഹരവും ഹൃദ്യവുമായ അനുഭവങ്ങള്‍ വിവരിക്കുന്ന 'അല്‍ ഇഅതിബാര്‍ ഫിസ്സഫര്‍ ഇലാ മലൈബാര്‍' എന്ന ഗ്രന്ഥം  വര്‍ഷങ്ങള്‍ക്ക് മുമ്പ്  പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ വിവിധ സമൂഹങ്ങ‌ള്‍ തമ്മിലുുള്ള ഐക്യവും മുസ്ലീം സമൂദായത്തിലെ വളര്‍ച്ചയും മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയും അദ്ദേഹം അതില്‍ വിശദീകരിക്കുന്നുണ്ട്.

കമലാ സുരയ്യയുടെ 'ഉണ്ണി'' എന്‍ പി മുഹമ്മദിന്റെ 'വെള്ളം', പികെ പാറക്കടവിന്റ 'മിനികഥകള്‍', വൈക്കം മുഹമ്മദ് ബഷീറിന്റെ 'നൂറ് രൂപ നോട്ട്' തുടങ്ങിയ രചനകള്‍ ജിദ്ദയില്‍ നിന്നും പുറത്തിറങ്ങുന്ന 'അന്നവാഫിദ്' മാഗസിനില്‍ അദ്ദേഹം  വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പികെ പാറക്കടവ്, എസ്.വി ഉസ്മാന്‍, സരിതാ വര്‍മ്മ എന്നിവരുടെ പുതിയ മലയാളകവിതകളുടെ വിവര്‍ത്തനം തയ്യാറാക്കിയതും വി.എ കബീറണ്.

1965 ൽ  മുഹ്‌യുദ്ദീന്‍ ആലുവായ് തകഴി ശിവശങ്കരപിള്ളയുടെ 'ചെമ്മീന്‍' അതേപേരില്‍ തര്‍ജ്ജമ ചെയ്തതോടു കൂടിയാണ് അറബിയിലേക്കുള്ള  മലയാളത്തിലെ ആദ്യത്തെ സാഹിത്യ മുന്നേറ്റം നടക്കുന്നത്. 1989 ല്‍ നന്മണ്ട അബൂബക്കര്‍ മൗലവി തര്‍ജ്ജമ ചെയ്തതാണ്, മഹാകവി കുമാരമനാശാന്റെ 'വീണപൂവി'ന്റെ അറബി വിവര്‍ത്തനമായ 'അസ്സഹ്‌റത്തുസ്സാഖിത'. ആദ്യമായി മലയാളത്തില്‍നിന്നു അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കവിതയും അതാണ്. ഇടക്കാലത്ത് നിശ്ചലമായിരുന്ന അറബി മലയാള സാഹിത്യ വിനിമയം സജീവമായത് മലയാള സാഹിത്യത്തെ ആദ്യമായി അറബികള്‍ക്ക് പരിചയപ്പെടുത്തിയ യുഎഇയിലെ പ്രഗല്‍ഭ അറബി കവിയും വിവര്‍ത്തകനുമായ ശിഹാബ് ഗാനിം നടത്തിയ ഇടപെടലുകളിലൂടെയാണ്.

പുത്തന്‍കലവും അരിവാളും (ഇടശ്ശേരി), മണിനാദം (ഇടപ്പള്ളി), കുന്നിമണികള്‍ (വൈലോപ്പിള്ളി ശ്രീധര മേനോന്‍), പ്രസ്താവന (ചങ്ങമ്പുഴ), രക്തദൂഷ്യം (ചെമ്മനം ചാക്കോ), കവിയുടെ മാനിഫെസ്റ്റോ (പുനലൂര്‍ ബാലന്‍), പാസേജ് റ്റു അമേരിക്ക (അയ്യപ്പപ്പണിക്കര്‍), കറുത്ത പക്ഷിയുടെ പാട്ട് (ഒ.എന്‍.വി.), ഇരിപ്പ് (ആറ്റൂര്‍), ഒറ്റക്ക് (സുഗതകുമാരി), ചതിപറ്റാതിരിക്കാന്‍ (യൂസുഫലി കേച്ചരി), തുമ്പിയും ഞാനും പല്ലിയും/താറും കുറ്റിച്ചൂലും (കടമ്മനിട്ട), മുഖമെവിടെ (വിഷ്ണുനാരായണന്‍ നമ്പൂതിരി), വെളിപാട് (ചുള്ളിക്കാട്) മായക്കോവിസ്‌കി ആത്മഹത്യ ചെയ്തതെങ്ങിനെ (സച്ചിദാനന്ദന്‍) തുടങ്ങിയ കവിതകള്‍ അറബി ലോകത്തെത്തിച്ചത് ഇദ്ദേഹമാണ്. പ്രമുഖ മലയാള കവിതകളുടെ സമാഹാരമായ 'ഇത്‌ലാല്‍ അല ശിഅ്‌രീന്‍ മുആസിര്‍ ഫി കൈരള' (സമകാലിക മലയാള കവിത), കമലാസുരയ്യയുടെ 'യാഅല്ലാഹ് -റനീന സുരയ്യ', കയ്ഫ ഇന്‍തവിറ മയക്കോവ്‌സ്‌ക്കി (മായകോവിസ്‌ക്കി ആത്മഹത്യ ചെയ്തത് എങ്ങിനെ) എന്നീ പേരുകളില്‍ ശിഹാബ് ഗാനിം വിവര്‍ത്തനം ചെയ്തത് മലയാളികളുടെ പരിസരത്തെയും ഭാഷയുടെ സൗന്ദര്യത്തെയും അറബ് ലോകത്ത് എത്തിക്കാന്‍ കാരണമായി. ‍പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന കൃതി 'മിസ്‌ല തര്‍നീമ' എന്ന ശീര്‍കത്തില്‍ 2014ല്‍ കേരള സാഹിത്യ അക്കാദമി ആദരിച്ച അറബി ഏഴുത്തുകാരന്‍ മുഹമ്മദ് ഈദ് ഇബ്രാഹിമാണ് വിവര്‍ത്തനം ചെയ്തത്. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവല്‍ അബ്ദുല്‍കരീം ഹുദവി, സുഹൈല്‍ വാഫി ആദൃശ്ശേരി എന്നിവരും അറബിയിലേക്ക്  തര്‍ജ്ജമ ചെയ്തിട്ടുണ്ട്.  എന്‍.മോഹനന്റെ 'യാസിന്‍ നിസാര്‍ അഹമ്മദ്' എന്ന കഥ ഡോ. കെ ജാബിര്‍ അതേ പേരില്‍ തര്‍ജ്ജമ ചെയ്ത് അല്‍ ഖുര്‍തും ജദീത മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെപി രാമനുണ്ണിയുടെ 'സൂഫി പറഞ്ഞകഥ'യുടെയും അറബി വിവര്‍ത്തനം പ്രകാശിതമായിട്ടുണ്ട്

പരിമിതി മൂലം പരാമര്‍ശിക്കാന്‍ കഴിയാത്ത ‍ മൊഴിമാറ്റങ്ങള്‍ ഇനിയുമുണ്ട്. ‍കേരളത്തിലെയും ഇന്ത്യയിലേയും സര്‍വ്വകലാശാലകളിലെ സെമിനാറുകളിലം ഗവേഷണരംഗത്തും അറബി ഭാഷാ സാഹിത്യ രംഗത്തെ ഏറ്റവും ആധുനികമായ ചലനങ്ങളാണ് വിഷയീഭവിക്കുന്നത്.

ഏതായാലും രാജ്യം നിലനിര്‍ത്തി പോന്ന മഹത്തായ സാസംക്കാരിക പാരമ്പര്യവും  സൗഹാര്‍ദ്ധവും അറബി സാഹിത്യലോകത്തേക്കും അതുവഴി ലോകത്തിന്റെ വിവിധ ഭാഷകളിലേക്കും വിനിമയം ചെയ്യാനും രാജ്യത്തിന്റെ  മഹിതമായ സംസ്ക്കാരം തകര്‍ക്കുന്ന ഭരണകൂടങ്ങളുടെ അസഹിഷ്ണുതയുടെയും അനീതിയുടെയും വര്‍ത്തമാനങ്ങള്‍ ഇതര ഭാഷാ സാഹിത്യങ്ങളില്‍ വരും നാളുകളില്‍ സ്ഥാനം പിടിക്കാതിരിക്കാനും കലുഷിതമായ ഈ സാഹചര്യത്തില്‍ ഭരണാധികാരികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരി ക്കുന്നു.