കുട്ടികള്‍ക്ക് ക്ലാസ് നഷ്ടമാകാതെ അധ്യാപകര്‍ക്ക് 'കൂള്‍' ആയി പഠിക്കാം; ഓണ്‍ലൈന്‍ പരിശീലന സംവിധാനവുമായി കൈറ്റ്

           തിരുവനന്തപുരം: അധ്യായന ദിനങ്ങള്‍ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കല്‍റ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന ഓണ്‍ലൈന്‍ പരിശീലന സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി. 

സ്‌കൂളുകള്‍ ഹൈടെക്കായി മാറുന്നതോടൊപ്പം വിവിധ മേഖലകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥിക
ള്‍ക്കും നിരവധി പരിശീലനങ്ങള്‍ സമാന്തരമായി നടത്തേണ്ട ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ്  കൂള്‍ (കൈറ്റ്‌സ് ഓപ്പണ്‍ ഓണ്‍ലൈന്‍ ലേണിങ്) സംവിധാനം ആവിഷ്‌കരിച്ചത്.  ലോകത്ത് വ്യാപകമാകുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്  ശൈലിയിലാണ് കൂള്‍  സജ്ജമാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയായിരിക്കും കൂള്‍.

കേരളം  പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിലെ പ്രധാന ചുവടുവെയ്പാണ് 'കൂള്‍' കോഴ്‌സ് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. 

'സമഗ്ര' പോര്‍ട്ടലിന്റെ സമീപന രേഖയില്‍ പരാമര്‍ശിച്ചിട്ടുള്ള ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ  വിപുലീകരണമായാണ് 'കൂള്‍' തയ്യാറാക്കിയത്. ആദ്യഘട്ടം സമഗ്ര പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു മാത്രമേ കൂളിലെ കോഴ്‌സിന് അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകൂ. 20 പഠിതാക്കള്‍ക്ക് കൈറ്റിന്റെ ഒരു മെന്റര്‍ വീതം ഉണ്ടാകും. ആദ്യ ദിവസം കോണ്‍ടാക്ട് ക്ലാസിനും അവസാന ദിവസം സ്‌കില്‍ പ്രസന്റേഷനും പഠിതാവ് നേരിട്ട് ഹാജരാകണം. മറ്റു ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും. കോഴ്‌സിന്റെ ഭാഗമായി അസൈന്‍മെന്റുകള്‍, ക്വിസുകള്‍, ചര്‍ച്ചാഫോറം എന്നിവ ഉണ്ടാകും. സംശയനിവാരണത്തിനായി 'കൂളി'ല്‍ പ്രത്യേക മെസേജിംഗ് ചാറ്റ്‌റൂം ഉണ്ട്. പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിന് സചിത്ര പഠന സഹായികള്‍, വീഡിയോ ട്യൂട്ടോറിയലുകള്‍, ചെക്ക് ലിസ്റ്റുകള്‍ തുടങ്ങിയവ 'കൂളി'ല്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തന വിശദാംശങ്ങളും ഡിജിറ്റല്‍ റിസോഴ്‌സുകളും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഇന്റര്‍നെറ്റില്ലാതെ തന്നെ പരിശീലിക്കാം. എന്നാല്‍ അസൈന്‍മെന്റ് സമര്‍പ്പണം, ഓരോ വാരാന്ത്യത്തിലുമുള്ള ലൈവ് ക്ലാസുകളില്‍ പങ്കെടുക്കല്‍ എന്നിവ നിര്‍ബന്ധമായും ഓണ്‍ലൈനായി ചെയ്യണം. 

സംസ്ഥാനത്ത് അധ്യാപകര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ കോഴ്‌സ് പാസാകേണ്ടതുണ്ട്. നിലവില്‍ 5000 അധ്യാപകരാണ് ഇത്തരം കോഴ്‌സിനായി കൈറ്റിനെ സമീപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇതിനുതകുന്ന മൊഡ്യൂളുകള്‍ ഉള്‍പ്പെടുത്തിയാണ് കൂളിന്റെ ആദ്യ പരിശീലനം. 20 അധ്യാപകര്‍ക്ക് ഒരു മെന്റര്‍ എന്ന രൂപത്തില്‍ 2500 പേരെ ആദ്യ ബാച്ചില്‍ ഉള്‍പ്പെടുത്തും. ആറാഴ്ച ദൈര്‍ഘ്യമുള്ള  കോഴ്‌സില്‍ വേര്‍ഡ് ഡോക്യുമെന്റുകള്‍ തയ്യാറാക്കല്‍, സ്പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍, ഇമേജ് എഡിറ്റിംഗ്, വീഡിയോ-ഓഡിയോ എഡിറ്റിംഗ്, ഡിജിറ്റല്‍ റിസോഴ്‌സുകളുടെ നിര്‍മാണം, മലയാളം ടൈപ്പിംഗ്, ഇന്റര്‍നെറ്റ്, വിദ്യാഭ്യാസ സോഫ്റ്റ്വെയറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്  കൂള്‍ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാക്കുകയെന്ന അനുമതിക്കായി കൈറ്റ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍സാദത്ത് പറഞ്ഞു.  

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല പൊതുജനങ്ങള്‍ക്കും കൂടെ പ്രയോജനപ്പെടുന്നവിധം കൂടുതല്‍ കോഴ്‌സുകള്‍ അവതരിപ്പിക്കാന്‍ കൈറ്റിന് പദ്ധതിയുണ്ട്. mooc.itschool.gov.in/ആണ് കൂളിന്റെ വെബ്സൈറ്റ്. ഡിസംബറില്‍ തുടങ്ങുന്ന ആദ്യ ബാച്ചിലെ കോഴ്‌സിന് അധ്യാപകര്‍ക്ക്  30 വരെ സമഗ്ര പോര്‍ട്ടല്‍ www.samagra.itschool.gov.in/ പോര്‍ട്ടലിലെ  KOOL ലിങ്ക് വഴി  രജിസ്റ്റര്‍ ചെയ്യാം.