അധ്യാപകർ നല്ല വിദ്യാര്‍ത്ഥികളാകണം

പ്രൊഫ.സി.രവീന്ദ്രനാഥ് : വിദ്യാഭ്യാസവകുപ്പുമന്ത്രി
  ഇന്ത്യയുടെ രാഷ്ട്രപതിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനു­മായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണൻറെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകന്റെ കടമകളെ കുറിച്ച് അവരെയും സമൂഹത്തെയും ഓര്‍മ്മപ്പെടുത്തുന്ന സുദിനം കൂടിയാണ് അധ്യാപക ദിനം. അധ്യാപകൻ തലമുറകളെ വാര്‍ത്തെടുക്കുന്ന വ്യക്തിയാണ്. വികസനത്തിന്റെ ഭൂമിക തന്നെ നല്ല തലമുറകളെ വാര്‍ത്തെടുക്കുന്ന പ്രക്രിയയായതിനാൽ, നൈസര്‍ഗ്ഗികമായ സാമൂഹ്യ വികാസത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ്. മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്ന വിദ്യാഭ്യാസത്തിന്റെ ദാര്‍ശനിക നിര്‍വചനം സാര്‍ത്ഥകമാക്കുന്നതിൽ സുപ്രധാനമായ
ഘടകമാണ് അധ്യാപകൻ. അത് കൊണ്ട് തന്നെ സമൂഹം അധ്യാപകരിൽ വളരെയധികം പ്രതീക്ഷയര്‍പ്പിക്കുന്നു.
ഇക്കാരണങ്ങള്‍ക്കൊണ്ട് തന്നെ അധ്യാപകരുടെ ചുമതലയും ഉത്തരവാദിത്വവും ഏറെ വര്‍ദ്ധിക്കുകയാണ്. അധ്യാപകൻ ഏറ്റവും നല്ല ഒരു വിദ്യാര്‍ത്ഥികൂടിയാകണം. അതിനാൽ പഠനമാണ് അധ്യാപകന്റെ മുഖ്യ കടമ. കാലത്തിനനുസരിച്ച് എല്ലാം മാറുമ്പോൾ മാറ്റത്തെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും, സ്വാംശീകരിക്കുവാനുള്ള പഠനവും പരമപ്രധാനമാണ്. ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക മേഖലകളിൽ അനു നിമിഷം ഉണ്ടാവുന്ന മാറ്റങ്ങളെ കണ്ടെത്താനും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കാനും അധ്യാപകര്‍ക്കു കഴിയുമ്പോൾ മാത്രമാണ് അധ്യാപനം ആസ്വാദ്യകരമായി മാറുന്നത്. കേരളത്തിലാണെങ്കിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തു­ന്നതിനൊപ്പം ആധുനിക വല്‍ക്കരിക്കുകയുമാണ്. ഇതിന്റെ സന്ദേശ വാഹകർ കൂടിയായി അധ്യാപകർ മാറണം. ഈ സന്ദേശം സമൂഹത്തിൽ എല്ലാ തലങ്ങളിലും എത്തിച്ച്  പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് അധ്യാപക­ദിനത്തിൽ ഓരോ അധ്യാപകന്റെയും മനസ്സിൽ പുതിയ ആശയങ്ങൾ ഉല്പാദിപ്പിക്കപ്പെടണം.
ശിശു കേന്ദ്രീകൃത വിദ്യാഭ്യാസത്തിൽ അധ്യാപകര്‍ക്ക് വളരെ വലിയ പങ്കാണ് ഉള്ളത്. പാഠപുസ്തകത്തിലെ അറിവുകൾ മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നവരാവരുത് അധ്യാപകൻ. ഇന്ന് ലഭ്യമായിരിക്കുന്ന അറിവിന്റെ അനന്തമായ സ്രോതസ്സുകളെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കാൻ അധ്യാപകന് കഴിയണം. ഏതെല്ലാം വിഭവ സ്രോതസ്സുകളിൽ നിന്ന് കുട്ടിയുടെ മനസ്സിലേയ്ക്ക് അറിവ് പ്രവഹിക്കുവാൻ സാധ്യതയുണ്ടോ, അവിടെയ്ക്കെല്ലാം കുട്ടിയുടെ മനസ്സിനെ തുറന്നു കൊടുക്കാൻ കഴിയുന്ന വ്യക്തിയാണ് അധ്യാപകൻ. അതുവഴി കുട്ടിയുടെ സര്‍ഗ്ഗപരമായ കഴിവുകളുടെ സ്വതന്ത്ര വികാസത്തിന് വഴിയൊരുക്കണം.
ശാസ്ത്രാവബോധവും വിജ്ഞാനവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി ഭരണഘടന തന്നെ അനുശാസിക്കുന്നു. മാനവികത, സഹാനുഭൂതി, പരിസ്ഥിതി ബോധം, സമത്വ ബോധം തുടങ്ങിയ മൂല്യങ്ങൾ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കണം. ശാസ്ത്ര ചിന്തയും യുക്തി ബോധവും കുട്ടികളിൽ വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണ്.
അറിവിന്റെ സംവേദനത്തോടൊപ്പം മാനവികതയുടെ വികാസവും സമന്വയിക്കപ്പെടുമ്പോൾ മാത്രമാണ് വിദ്യാഭ്യാസം പൂര്‍ണ്ണമാകുന്നത്. അതുകൊണ്ട് അക്കാദമിക് വളര്‍ച്ചയോടൊപ്പം അക്കാദമികേതര മേഖല­യിലെ വളര്‍ച്ചയും വിദ്യാഭ്യാസ ലക്ഷ്യമായി ഉണ്ടാകണം. അക്കാദമി­കേതര മേഖലകളിൽ കുട്ടിയുടെ സര്‍ഗ്ഗപരമായ കഴിവുകളുടെ വികാസ­ത്തിലൂടെ ലക്ഷ്യമിടുന്നത് കുട്ടിയുടെ മനസിന്റെ ശുദ്ധീകരണമായിരിക്കണം. അതിലൂടെ മാത്രമേ വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ നിര്‍വ്വചനമായ മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്നത് അര്‍ത്ഥ പൂര്‍ണ്ണമാകാൻ കഴിയുകയുള്ളൂ. ഈ നിര്‍വ്വചനത്തിന്റെ പൂര്‍ണ്ണതയിലേയ്ക്ക് തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് അധ്യാപകനിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ നിറവേറ്റപ്പെടുമ്പോൾ മാത്രമെ അധ്യാപക ദിനങ്ങൾ പ്രയോഗികമായും ദാര്‍ശനികമായും വിജയിക്കുകയുള്ളൂ. ഈ നിര്‍വ്വചന സങ്കല്‍പ്പത്തിലേയ്ക്ക് കേരളത്തിന്റെ വിദ്യാഭ്യാസത്തെ ഉയര്‍ത്തുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാർ ഉദ്ദേശിക്കുന്നത്. പുതിയ തലമുറകളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനും വിജ്ഞാനത്തിന്റെ അനന്ത വിഹായസ്സിലേയ്ക്ക് അവരെ കൈപിടിച്ചു നടത്തുന്നതിനുമുള്ള  മഹത്തായ ഈ യജ്ഞം കേവലം ഒരു ഔദ്യോഗിക പരിപാടിയല്ല. ജനങ്ങളുടെ മനസ്സു നിറഞ്ഞ പങ്കാളിത്തത്തോടെയുള്ള ജനകീയ മഹായജ്ഞമാണ്. അതിന്റെ മുന്നിൽ നിന്ന് നയിക്കേണ്ടവരാണ് അധ്യാപകർ. കേരളത്തിന്റെ അധ്യാപക സമൂഹം ഒന്നടങ്കം ഈ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക