പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്ന പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് പഠിപ്പിക്കാന്‍ കഴിയുന്നതരത്തില്‍ എല്ലാ അദ്ധ്യാപകര്‍ക്കും അവധിക്കാലത്ത് പരിശീലനം നല്‍കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയില്‍ നടന്ന വകുപ്പു ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു. 'സമഗ്ര' റിസോഴ്‌സ് പോര്‍ട്ടല്‍ ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനത്തിനാവശ്യമായ മൊഡ്യൂളുകളും ഡിജിറ്റല്‍ ഉള്ളടക്കവുമാണ് തയാറാക്കുന്നത്. ഡിജിറ്റല്‍ വിഭവങ്ങള്‍ ക്ലാസ്മുറിയില്‍ പ്രയോജനപ്പെടുത്താനും അക്കാദമിക് വിഷയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കൈകാര്യം ചെയ്യാനും കഴിയുന്ന വിധത്തില്‍ മുന്‍കാല പരിശീലനങ്ങളിലെ അനുഭവം സ്വാംശീകരിച്ച് ഏറെ പുതുമയാര്‍ന്ന ഉള്ളടക്കമാണ് ഈ വര്‍ഷത്തെ അവധിക്കാല പരിശീലനത്തിന് തയ്യാറാക്കുന്നത്. ഇതിനായി അദ്ധ്യാപകരുടെ രജിസ്‌ട്രേഷന്‍, പരിശീലന ഷെഡ്യൂളിംഗ്, അറ്റന്റന്‍സ്, ഫീഡ്ബാക്ക് മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈനായി മോണിറ്റര്‍ ചെയ്യാന്‍ കൈറ്റ് സംവിധാനമൊരുക്കും. എസ്.സി.ഇ.ആര്‍.ടിയുടെ അക്കാദമിക് നേതൃത്വത്തില്‍ വിവിധ ഡയറക്ടറേറ്റുകളും എസ്.എസ്.എ., ആര്‍.എം.എസ്.എ. പ്രോജക്ടുകളും സംയുക്തമായാണ് മൊഡ്യൂള്‍ തയ്യാറാക്കുന്നത്. പരിശീലനത്തിന് അതത് മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തും.