ലിറ്റില്‍ കൈറ്റ്സില്‍ 1955സ്കൂളുകള്‍ ; കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം

             പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളില്‍ രൂപീകൃതമാകുന്ന'ലിറ്റില്‍ കൈറ്റ്സ് ' ഐടി ക്ലബുകള്‍രൂപീകരിക്കാന്‍ 1955 സ്കൂളുകള്‍ക്ക് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) അംഗീകാരം നല്‍കി. സ്കൂളുകളുടെ പട്ടിക www.kite.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
          തെരഞ്ഞെടുത്ത ഈ സ്കൂളുകളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ ക്ലബിലെ അംഗത്വത്തിന് അപേക്ഷ നല്‍കാം. മാര്‍ച്ച് 3ന് അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക മാര്‍ച്ച് 10 നകം പ്രസിദ്ധീകരിക്കാനും, ഏപ്രില്‍ മാസം ആദ്യ ക്യാമ്പ് നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
          ഹാര്‍‍‌‍ഡ്‍വെയര്‍, ഇലക്ട്രോണിക്സ്,അനിമേഷന്‍, സൈബര്‍ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈല്‍ ആപ് നിര്‍മ്മാണം, പ്രോഗ്രാമിംഗ്,റോബോട്ടിക്സ്, ഇ-ഗവേണന്‍സ്,വെബ് ടിവി തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് പ്രത്യേക വൈദഗ്ദ്ധ്യം നല്‍കുന്നതാണ് 'ലിറ്റില്‍ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികള്‍ക്കായി പരിശീലനങ്ങള്‍ക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകള്‍, ക്യാമ്പുകള്‍,ഇന്‍ഡസ്ട്രി വിസിറ്റുകള്‍ എന്നിവ സംഘടിപ്പിക്കും. സ്കൂളുകളിലെ ഹാര്‍ഡ്‍വെയര്‍ പരിപാലനം,രക്ഷാകര്‍ത്താക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ സാക്ഷരത, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്ട്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കല്‍, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിര്‍മ്മാണം, സ്കൂള്‍തല വെബ് ടിവികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് ക്ലബുകള്‍ സംഘടിപ്പിക്കും. മികച്ച സ്കൂളുകള്‍ക്കും ക്ലബംഗങ്ങള്‍ക്കും അംഗീകാരങ്ങള്‍ നല്‍കും.

കുട്ടികള്‍ സ്കൂളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യൂണിറ്റ് അനുവദിച്ച സ്കൂളിലെ നോട്ടീസ് ബോര്‍‍ഡില്‍ അപേക്ഷാഫോം മാതൃക പബ്ലിഷ്  ചെയ്യണം .