സ്കൂള്‍ കലോത്സവത്തിനുള്ള ഗ്രേസ് മാര്‍ക്ക് ഇല്ലാതാവുന്നു


അമിതാഡംബരങ്ങള്‍ക്ക് മൈനസ് മാര്‍ക്ക് ഉള്‍പ്പെടെ യുവജനോത്സവത്തെ അടിമുടി പരിഷ്ക്കരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക്, എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കേണ്ടതില്ലെന്നതാണ് പ്രധാന ശുപാര്‍ശ. ഇതടക്കം അഴിമതിയില്‍ മുങ്ങിയ കലോത്സവ വേദിയെ ശുദ്ധമാക്കാനുള്ള കരട് റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ചു.

നൃത്ത ഇനങ്ങളില്‍ അമിത ആഡംബരങ്ങള്‍ ഉപയോഗിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് മെനസ് മാര്‍ക്കിനും നിര്‍ദ്ദേശമുണ്ട്. സംഗീതനൃത്ത മത്സരങ്ങള്‍ക്ക് ശേഷം വൈവാ മാതൃകയില്‍ വിധികര്‍ത്താക്കളുടെ ചോദ്യങ്ങളും വേണം. ഓരോ ഇനങ്ങളിലമുള്ള മത്സരാര്‍ത്ഥികളുടെ അറിവും കൂടി ചേര്‍ത്ത് വേണം ഗ്രേഡ് നിശ്ചയിക്കാന്‍. ആടയാഭാരണങ്ങള്‍ അമിതമായാല്‍ മൈനസ് മാര്‍ക്കിടും.
നിലവില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 30 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി അനുവദിക്കുന്നത്. ഈ ഗ്രേസ് മാര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷക്കൊപ്പം ചേര്‍ക്കുമ്ബോള്‍ വിജയ ശതമാനവും കുത്തനെ ഉയരും. എന്നാല്‍ ഗ്രേസ് മാര്‍ക്ക് പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കെണ്ടന്നാണ് സമിതിയുടെ പ്രധാന ശുപാര്‍ശ. പകരം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം ചേര്‍ക്കും. ഉപരിപഠനത്തിന് വെയിറ്റേജായി ഗ്രേസ് മാര്‍ക്ക് പരിഗണിക്കും. ഗ്രേസ് മാര്‍ക്കിനായുള്ള അപ്പീല്‍ പ്രളയത്തിനും കലോത്സവത്തിലെ അനാരോഗ്യ പ്രവണതകള്‍ക്കും തടയിടാനാണ് മാന്വല്‍ പരിഷ്ക്കരണം.
ഇതടക്കം എല്ലാ ഇനങ്ങളുടേയും നിയമാവലി പരിഷ്ക്കരിക്കാന്‍ ശുപാര്‍ശയുണ്ട്. കലാ പ്രതിഭാകലാ തിലക പട്ടങ്ങള്‍ ഒഴിവാക്കിയശേഷം വിദ്യാര്‍ത്ഥികളെ മേളയിലേക്ക് പ്രധാനമായും ആകര്‍ഷിക്കുന്ന ഘടകമാണ് ഗ്രേസ് മാര്‍ക്ക്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുമ്ബോള്‍ എസ്.എസ്.എല്‍.സി വിജയശതമാനം മൊത്തത്തില്‍ കുറയാനും ഇടയാക്കും. അതുകൊണ്ട് ഡി.പി.ഐയുടെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയുടെ ശുപാര്‍ശയില്‍ സര്‍ക്കാറിന്റെ അന്തിമതീരുമാനം നിര്‍ണ്ണായകമാണ്.
ഈ ശുപാര്‍ശ നടപ്പിലായാല്‍ അഴിമതിയില്‍ മുങ്ങിതാണ സ്കൂള്‍ യുവജനോത്സവത്തെ രക്ഷപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. പണക്കൊഴുപ്പില്‍ പലരും മത്സര വേദിയില്‍ തമ്മിലടിക്കുമ്ബോള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ പാവപ്പെട്ട വീടുകളിലെ കലാകാരന്മാര്‍ക്കും അവസരം ഒരുങ്ങും. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കും കലാതിലക, കലാപ്രതിഭ പട്ടങ്ങളുമാണ് രക്ഷിതാക്കളെയും കുട്ടികളെയും കൂടുതലായും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിനൊക്കെ ഒരു പരിധി വരെ തടയിടാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊണ്ടായേക്കും.
അതേസമയം യുവജനോത്സവ വേദിയില്‍ എത്തുന്ന ജഡ്ജുമാരും ഒരു പരിധി വരെ തലവേദന സൃഷ്ടിക്കുന്നവരാണ്. ഓരോ മത്സരങ്ങളിലും പ്രാവിണ്യം തെളിയിച്ച മികച്ച ജഡ്ജുമാര്‍തന്നെ  വിധികര്‍ത്താക്കളായി കലോത്സവ വേദിയില്‍ എത്തണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായിട്ടുണ്ട്.