അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഡിസംബർ 31 നടക്കും [ഇ.അ] ::: ഓൺലൈൻ ക്വിസ് മത്സരത്തിന് സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ എല്ലാ ദിവസവും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്::: അൽ മുദരിസീൻ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

വായനദിന ചിന്തകള്‍

വായനയുടെ പ്രയോജനങ്ങള്‍
 • വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
 • സ്വന്തം ജീവിതത്തിന് കൂടുതല്‍ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു.
 • ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നു. സങ്കീര്‍ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ വായന പരിശീലനമായി മാറുന്നു.
 • ഭാവനാതലങ്ങളില്‍ പുതിയ ഉണര്‍ച്ചയുണ്ടാക്കുന്നതില്‍ വായനയ്ക്ക് എമ്പാടും പങ്കുണ്ട്. സാഹിത്യരചനകള്‍ ഒരാളിന്റെ ഭാവനയും സൗന്ദര്യചിന്തയും വളര്‍ത്തുന്നുണ്ട്. സഹൃദയത്തിന്റെ വികാസം വായന സാധ്യമാക്കുന്നു. ചിലര്‍ക്കെങ്കിലും സര്‍ഗ്ഗാത്മക രചനയ്ക്ക് പ്രചോദനമായിത്തീരുന്നു.
 • വായന ഒരാളിന്റെ സംവേദന തല്‍പരത കൂട്ടുന്നു. സങ്കീര്‍ണ്ണവും ധ്യാനാത്മകവുമായ കാര്യങ്ങളുടെ ആഴങ്ങള്‍ അറിയാനും അപഗ്രഥന ശേഷി കൂട്ടാനും വായന സഹായിക്കുന്നു. ആശയങ്ങളുടെ നിര്‍മ്മാണം വായനയിലൂടെ സാധ്യമാകുന്നത് അതുകൊണ്ടാണ്.
 • വായന വിവരശേഖരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി തീര്‍ന്നിരിക്കുന്നു. പോയ കാലത്ത് പല ദേശങ്ങളിലുണ്ടായ കണ്ടെത്തലുകളും പലരും സംഭാവന ചെയ്ത ആശയങ്ങളും അറിയാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വായന. അതുകൊണ്ട് തന്നെ വായന വ്യക്തിയുടെ അറിവിന്റെ ആഴങ്ങളറിയിക്കുന്നു.

കുട്ടികള്‍ക്ക്‌ പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ രക്ഷിതാക്കളും അദ്ധ്യാപകരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 1. കുട്ടിയുടെ പ്രായം പരിഗണിച്ചാവണം പുസ്തകങ്ങള്‍ നല്‍കേണ്ടത്. ഒന്നോ രണ്ടോ വയസ്സുളളപ്പോള്‍ തടിച്ച പേജുകളുള്ള ചിത്ര പുസ്തകങ്ങള്‍ നല്‍കുക. പേജുകള്‍ കീറിപ്പറിക്കാനുതകുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്. വലിയ ചിത്രങ്ങളും ഒന്നോ രണ്ടോ വാക്കുകളുമുള്ള ലാമിനേറ്റ് ചെയ്ത പേജുകളോടെയുള്ള പുസ്തകങ്ങളാണിവ.
 2. ഏച്ചുകൂട്ടി വായിച്ച് തുടങ്ങുന്ന കുട്ടികള്‍ക്ക്‌ നാലഞ്ച് വയസ്സാകുമ്പോള്‍ വര്‍ണ്ണചിത്രങ്ങളും കുറഞ്ഞ വരികളുമുള്ള പുസ്തകങ്ങള്‍ വായനക്ക് കൊടുക്കുക. ചിത്രങ്ങളില്‍ നിന്ന് ആശയങ്ങളുടെ തുടര്‍ച്ച പിന്തുടരാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ചിത്രങ്ങളില്‍ നിന്ന് കഥകളിലേക്ക് പരിണമിക്കുന്നു.
 3. വായിക്കാന്‍ തുടങ്ങുന്ന കുട്ടികള്‍ക്ക്‌, എട്ടൊമ്പത് വയസ്സ് വരെ സാരോപദേശ കഥകള്‍, നാടോടി കഥകള്‍, പുരാവൃത്ത കഥകള്‍ തുടങ്ങിയവ നല്‍കുക. താളത്തില്‍ വായിക്കാനും വായിച്ചു പഠിക്കാനുമാവുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്. കുടികളുടെ സര്‍ഗ്ഗശേഷിയുണര്‍ത്താന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാവുന്നതാണ്.
 4. പത്ത്‌ വയസ്സിനും പതിനാല് വയസ്സിനുമിടയിലുള്ള കുട്ടികളുടെ വായന പല മേഖലകളിലേക്കും നീങ്ങാന്‍ ഇടയുണ്ട്. വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങള്‍ ചില കുട്ടികള്‍ തിരഞ്ഞെടുത്തേക്കും. പദ്യഗ്രന്ഥങ്ങള്‍ ചിലര്‍ക്ക ഇഷ്ടമായിരിക്കും. വലിയ പുസ്തങ്ങളും വായിച്ച് തുടങ്ങുന്നു. സാഹസിക കഥകള്‍, അത്ഭുത കഥകള്‍, ഇതിഹാസ കഥകള്‍ തുടങ്ങിയവ പല കുട്ടികള്‍ക്കും ഈ പ്രായത്തില്‍ ഇഷ്ടമായിരിക്കും. ശാസ്ത്രവിഷയത്തില്‍ താല്പര്യമുണ്ടാക്കാനും, ചരിത്ര കൗതുകമുണര്‍ത്താനും ഉതകുന്ന ഗ്രന്ഥങ്ങള്‍ കുട്ടികള്‍ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കുന്നു.
 5. അതാത് ഭാഷയിലെ ക്ലാസ്സിക്‌ ഗ്രന്ഥങ്ങള്‍, പ്രശസ്ത സാഹിത്യരചനകള്‍ എന്നിവ കൗമാരകാലത്തോടെ കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തേണ്ടതാണ്. വായനയുടെ ആഴങ്ങളറിയാന്‍ പരിശീലനം നല്‍കുക. വായിച്ചതിനെ കുറിച്ച് ചിന്തിക്കാനും പറയാനും കുട്ടികള്‍ ശ്രമിക്കേണ്ടതുണ്ട്. വായിച്ച ഗ്രന്ഥങ്ങളെ കുറിച്ച് കുറിപ്പുകളെടുത്ത് വയ്ക്കുന്നതും നല്ലതാണ്. വായനയിലൂടെ ചിലര്‍ എഴുത്തിന്റെ വഴികളിലേക്ക്‌ നീങ്ങിത്തുടങ്ങുന്നതും ഈ ഘട്ടത്തിലാണ്.
 6. പഠനഗ്രന്ഥങ്ങള്‍, വിജ്ഞാനഗ്രന്ഥങ്ങള്‍, സാഹിത്യഗ്രന്ഥങ്ങള്‍ തുടങ്ങിയവ വായിക്കാന്‍ കൌമാരത്തോടെ കുട്ടികള്‍ക്കാവണം. അതിനനുസൃതമായി പരിശീലനം മുതിര്‍ന്നവര്‍ നല്‍കണം. തിരഞ്ഞെടുത്ത വായന ചിലര്‍ ശീലമാക്കി മാറ്റുന്നു. വായനയുടെ പ്രയോജനം ഈ ഘട്ടത്തോടെ പലതലങ്ങളിലും പ്രകടമാവുന്നു.
വായനയുടെ പ്രയോജനപ്രദമായ വികാസത്തിന് കുട്ടികളുടെ പ്രിയം, താല്പര്യം, ഭാവന തുടങ്ങിയവ പരിഗണിക്കണം. വായന, വ്യക്തിക്കും മറ്റുള്ളവര്‍ക്കും ഉപകാരപ്രദമായി മാറുന്നു.
വായിക്കാനുള്ള പഠനം
വായിക്കാനും പഠിപ്പിക്കേണ്ടതുണ്ട്. ആദ്യമൊക്കെ ശരീരഭാവങ്ങളോടെ വായിച്ച് അവതരിപ്പിക്കാന്‍ ശീലിപ്പിക്കുക. സംഭാഷണങ്ങള്‍ക്കനുസൃതമായ മുഖഭാവം പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക്‌ സാധിക്കണം. ഉച്ചാരണ ശുദ്ധിയും കഥയുടെയോ കവിതയുടെയോ ഈണവും ഉച്ചത്തില്‍ വായിച്ച് ശീളിപ്പിക്കാന്‍ സാധിക്കും. എത്ര വായിച്ചു എന്നതിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. എന്ത് വായിച്ചുവെന്നതും എങ്ങനെ വായിച്ചുവെന്നതും പ്രധാനപ്പെട്ടതാണ്. വായിച്ചത് എത്രത്തോളം ഗ്രഹിച്ചു. വായിച്ചത് എത്രത്തോളം മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നു എന്നത് നോക്കേണ്ടതാണ്. വായിച്ചതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി എന്നതും ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോളത് നേരിട്ട് അറിയാനാവില്ലെന്ന് മാത്രം. കുഞ്ഞുണ്ണി മാഷ്‌ എഴുതിയത് വായനയെ സഫലമായ ഒരു കര്‍മ്മമാക്കി മാറ്റാന്‍ സഹായിക്കാതിരിക്കില്ല. “ഞാന്‍ കേള്‍ക്കുമാറ് വായിക്കണം എന്നാല്‍ എന്താണ് ഗുണമെന്നല്ലേ ? എനിക്ക് പകുതിയും വായിച്ച് മനസ്സിലാകുന്നില്ല. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകുന്നില്ല എന്ന് പരാതി പറയുന്ന പലരും വായിക്കുന്നത് അവര്‍ കേള്‍ക്കുന്നുണ്ടാവില്ല. വായാനാപരിശീലനത്തിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. അവനവന്‍ കേള്‍ക്കുമാറ് വായിച്ചു തുടങ്ങുക. ഒരു പ്രാവശ്യം അല്‍പം ഉച്ചത്തിലും ഒരു പ്രാവശ്യം നിശബ്ദമായും. എന്നിട്ട് പുസ്തകമടച്ച് വയ്ക്കുക. എന്നിട്ട് വായിച്ചതെന്തെന്ന് ചിന്തിക്കുക – എന്നുവച്ചാല്‍ മനസ്സില്‍ പറയുക. പറയാനറിയുന്നില്ലെങ്കില്‍ ഒരു വട്ടം കൂടി വായിക്കുക. പുസ്തകമടച്ചും വായിക്കുക. വായിച്ചതെന്തെന്ന് മനസ്സില്‍ പറയുക. വായിച്ച വാചകം അതേപടി വാചകമായി പറയണ്ട കേട്ടോ. വായിച്ചതിലെ കാര്യം സ്വന്തം വാക്കില്‍ പറഞ്ഞാല്‍ മതി. വായിച്ചത്തിലെ കാര്യങ്ങള്‍ മുഴുവന്‍ പറയാന്‍ കഴിയണമെന്നു മാത്രം. അങ്ങനെ പറയാന്‍ സാധിക്കുന്നത് വരെ വായിക്കണം.” കുഞ്ഞുണ്ണിമാഷിന്റെ നിര്‍ദ്ദേശങ്ങളില്‍ നിന്നൊരു കാര്യം വ്യക്തം. വായിക്കാനും ഗ്രഹിക്കാനും പരിശീലനം വേണം. നാലഞ്ചാഴ്ചകളിലെങ്കിലും തുടര്‍ച്ചയായി ഈ വിധം പരിശീലനം നടത്തിയാല്‍ വായനാശീലം വായനാഫലവും പ്രകടമായി വരും.
വായനയും സര്‍ഗ്ഗശേഷിയും
വായന സര്‍ഗ്ഗശേഷിയെ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നു. വായന അഭിരുചിയുടെ യഥാര്‍ത്ഥ സത്ത കണ്ടെത്താന്‍ സഹായിക്കുന്നു. വിമര്‍ശകനായ ബാലചന്ദ്രന്‍ വടക്കേടത്ത്‌ പറയുന്നു. പുസ്തകത്തിന്റെ സ്പഷ്ടത അതിന്റെ ചലനമാണ്. മറ്റുള്ളവരെ ചലിപ്പിക്കാനുള്ള അതിന്റെ കഴിവാണ്. എന്നാല്‍ പ്രതിമയാകട്ടെ അല്ലെങ്കില്‍ മറ്റെന്തുമാവട്ടെ, വളരെ അകലെ നിന്ന് ആസ്വദിക്കാനേ നമ്മെ അനുവദിക്കുന്നുള്ളൂ. പുസ്തകം പുറത്ത്‌ നില്‍ക്കാതെ അകത്തേക്ക്‌ കടന്നുവരുവാന്‍ വായനക്കാരോട് സദാ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അത് ചലിപ്പിക്കുന്നത് നമ്മുടെ ആഴത്തെയാണ്.
വായന സര്‍ഗ്ഗശേഷിയുടെ സാര്‍ത്ഥകമായ ഒരു പ്രക്രിയയായി മാറുന്നത് ഇതുകൊണ്ടെല്ലാമാണ്. വായിക്കുക, വായിപ്പിക്കുക.
(എന്‍.പി.ഹാഫിസ്‌ മുഹമ്മദിന്റെ ലേഖനത്തിൽ നിന്ന്)

ഉപന്യാസംവായനയുടെ പ്രാധാന്യം
        വായനയെന്നാല്‍ അറിവിന്റെ ലോകാത്ഭുതമാണ്.വായിച്ചാല്‍ കിട്ടുന്ന അറിവിന്റെ മൂല്യം നാം ഒാരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.കേരളത്തിലാണ് വിദ്യാഭ്യാസ വളര്‍ച്ച ഏറ്റവും അധികം ഉള്ളത്.ഇതിനൊക്കെ കാരണം പുസ്തകമാണ് വായനയാണ്.പുസ്തകം നല്‍കുന്ന അറിവിന്റെ വെളിച്ചം പറഞ്ഞറിയ്ക്കാന്‍ കഴിയാത്ത ഒന്നാണ്.അറിവ് നേടുക എന്നാല്‍ വിജയം നേടുകയെന്നാണ്.നമ്മുടെ ജീവിതത്തില്‍ നാം എത്ര വിജയം നേടുന്നുവോ,അത്രയും ഉയര്‍ച്ച നമ്മളില്‍ പ്രതിഫലിക്കും.വായനയുടെ പ്രാധാന്യം നാം കുഞ്ഞുനാളിലെ അറിഞ്ഞിരിക്കേണ്ട ഒന്നാണ്.അറിവ് നേടുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല.വായിച്ചാലെ നമ്മുക്ക് ഉയര്‍ച്ചയുണ്ടാകു.പ്രത്യേകിച്ച് ഇക്കാലത്ത് വായിച്ച പുസ്തകത്തിന്റെ കണക്കല്ല നാം ഒര്‍ക്കേണ്ടത്.കിട്ടിയ അറിവിനും ആശയങ്ങള്‍ക്കുമാണ്.
        വായനയുടെ മൂല്യം അറിയാന്‍ നാം ഏറെ പരിശ്രമിക്കണം.കറെ നല്ല പുസ്തകങ്ങളുമുണ്ട് ചീത്ത പുസ്തകങ്ങളുമുണ്ട്.ആദ്യം തന്നെ നാം ചീത്ത പുസ്തകങ്ങളെ ഒഴിവാക്കുക.ഒരു ചീത്ത പുസ്തകം വായിക്കുമ്പോള്‍ നാം ഒാര്‍ക്കപക ഒരു ചീത്ത സുഹൃത്തിനോട് കൂട്ടുകൂടുന്നതിന് തുല്യമാണെന്ന്.ചീത്ത പുസ്തകത്തിനേയും നല്ല പുസ്തകനേയും തിരിച്ചറിയാനുള്ള ബോധമാണ് നമ്മളില്‍ ആദ്യം ഉണ്ടാകേണ്ടത്.
അറിവിന്റെ കൂമ്പാരമാണ് വായനശാല. ഒരു പ്രദശത്ത് ൊരു വായനശാലയുണ്ടായാല്‍ മതി അവിടത്തെ ജനങ്ങളില്‍ പകുതിപേരും നന്നാവാന്‍.അവരില്‍ അറിവിന്റെ വെളിച്ചം തൂകി നില്‍ക്കും.ഒരു നല്ല മനുഷ്യനു മാത്രമെ വായനയുടെ മൂല്യം അറിയുവാന്‍ സാധിക്കുകയുള്ളു.ഒരു ചീത്ത മനുഷ്യനെ കണ്ടാല്‍ നമ്മുക്കറിയാം അദ്ദേഹത്തിന്റെ വായനാബോധം.നമ്മുടെ സമൂഹത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നവരെ നാം വായനയുടെ ലോകത്തിലെത്തിക്കുക.അവന് നല്ലൊരു സുഹൃത്തായി പുസ്തകം എന്നും കൂടെയുണ്ടാകും.പുസ്തകം വായിച്ചാല്‍ പഠനത്തിലും മികവ് കാട്ടാന്‍ സാധിക്കും.
        ജൂണ്‍ 19ന് നാം വായന ദിനം ആചരിക്കുന്നു.പി.എന്‍.പണിക്കരുടെ ഒര്‍മ്മ പുതുക്കാന്‍ വേണ്ടിയാണ് നാം ഈ ദിനം ആചരിക്കുന്നത്.വായനയുടെ മൂല്യം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാണ് ഈ ദിനം. എന്നാല്‍ പുതുതലമുറ അറിവിന്റെ മഹത്വത്തെ പറ്റി ഒട്ടും ബോധപൂര്‍വ്വമായ് ചിന്തിക്കുന്നില്ല.ഫേസ്ബുക്കും വാട്ട്സാപ്പും മാത്രമെ അവര്‍ ആസ്വദിക്കാന്‍ തിരഞ്ഞെടുക്കുന്നുള്ളു.ഇതിന്റെയൊക്കെ മാസ്മര ലോകത്താണ് ഇന്നവര്‍.അതിന്റെ ദോഷങ്ങള്‍ ഭാവിയില്‍ വരാനിരിക്കുന്നതേയുള്ളു.അവര്‍ വായനയുടെ ലോകത്ത് മാത്രമായിരുന്നെങ്കില്‍ എന്ത് നന്നായേനെ.എവിടെയും അനീതിയും അതിക്രമവും പീഡനവും വിളയാടുന്ന പുതുസമൂഹത്തില്‍ അറിവിന്റെ വെളിച്ചം പകരാന്‍ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.എന്നാല്‍ മാത്രമേ വായനയുടെ പ്രാധാന്യം നാം തിരിച്ചറിയുകയുള്ളു.ഇന്റെര്‍നെറ്റിന്റെ ദോഷങ്ങളെക്കുറിച്ച് പറയുമ്പോഴും വായനയുടെ ലോകത്ത് അതിന്റേതായ സ്ഥാനമുണ്ട് എന്ന് മനസ്സിലാക്കണം.അറിവ് പകരാനും വായനെയെ പ്രോത്സാഹിപ്പിക്കാനും ഇന്റെര്‍നെറ്റിന് ആവും.ഇന്ന് ഏത് പുസ്തകം വായിക്കാനും ഏത് വിവരം ലഭിക്കാനും ഇന്റെര്‍നെറ്റ് ഉപയോഗപ്രദമാണ്.
        വായനയുടെ മൂല്യം മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി നമുക്ക് ഒന്നിച്ച് കൈകോര്‍ത്ത് സമൂഹത്തിലേക്കിറങ്ങാം