GPF - NEW UPDATION

                   ജനറൽ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ഇനി വിവിധ ആവശ്യങ്ങൾക്ക് തുക ലഭിക്കാൻ 15 ദിവസത്തെ സമയം മതി. ചികിത്സയ്ക്കായി പണം എടുക്കുകയാണെങ്കിൽ ഏഴു ദിവസത്തിനകം നൽകും. പിഎഫിൽ നിന്ന് പണം പിൻവലിക്കാൻ 15 വർഷത്തെ സേവനകാലാവധി വേണം എന്ന നിബന്ധന പല കാര്യങ്ങളിലും പത്തു വർഷമായി ചുരുക്കുകയും ചെയ്തു. വീടു വയ്ക്കാനും വാങ്ങാനും അടിയന്തര ചികിത്സയ്ക്കും 90 ശതമാനം വരെ തുക പിൻവലിക്കാം.
ഇക്കാര്യങ്ങൾക്കായി 1960–ലെ ജനറൽ പ്രോവിഡന്റ് ഫണ്ട് (സെൻട്രൽ സർവീസ് ) നിയമം ഭേദഗതി ചെയ്യാനും തീരുമാനമായി. രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വകാര്യമേഖലയിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ അംഗങ്ങൾക്കും തത്തുല്യമായ ഇളവുകൾ ലഭ്യമാക്കുമോ എന്ന് വ്യക്തമായിട്ടില്ല.
വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ളവർക്ക് പ്രത്യേകിച്ച് കാരണം കാണിക്കാതെ 90% പിഎഫ് തുകയും പിൻവലിക്കാം എന്നത് വിരമിക്കുന്നതിന് രണ്ടു വർഷം മുമ്പ് എന്ന് ഭേദഗതി കൊണ്ടുവരും. ഇതു കൂടാതെ 90% തുകയും പിൻവലിക്കാവുന്നത് ഭവന നിർമാണത്തിനും രോഗ ചികിത്സയ്ക്കുമാണ്. വീടുമായി ബന്ധപ്പെട്ട ആറു കാര്യങ്ങൾക്ക് 90 ശതമാനം തുകയും പിൻവലിക്കാം. വീടോ ഫ്ളാറ്റോ വാങ്ങുക, വീടു വയ്ക്കാൻ സ്ഥലം വാങ്ങുക, കൈവശമുള്ള സ്ഥലത്ത് വീടു വയ്ക്കുക, പരമ്പരാഗതമായ വീട് നന്നാക്കുക, നിലവിലുള്ള വീടിനോട് കൂട്ടിച്ചേർക്കലുകൾ നടത്തുക, വീടിന്റെ കേടുപാടുകൾ തീർക്കുക എന്നിവയ്ക്ക് 90% വരെ തുക ലഭിക്കും.
ജനറൽ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിച്ച് നിർമിച്ച വീടുകൾ വിറ്റാൽ എടുത്ത തുക തിരിച്ചടയ്ക്കണം എന്ന വ്യവസ്ഥയും മാറ്റി. വാഹനങ്ങൾ വാങ്ങാൻ പിഎഫിൽ ഉള്ള തുകയുടെ നാലിൽ മൂന്ന് ഭാഗവും പിൻവലിക്കാം–വാഹനത്തിന്റെ വില ഇതിലും കുറവാണെങ്കിൽ ആ തുകയേ ലഭിക്കുള്ളൂ. വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും വാഹനം വാങ്ങാൻ മുൻകൂർ പണം നൽകാനും തുക പിൻവലിക്കാം. പത്തു വർഷം സേവന കാലാവധി പൂർത്തിയാക്കിവർക്കേ ഇത് അനുവദിക്കൂ.
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വിവാഹ നിശ്ചയം, ആശ്രിതരുടെ മരണാനന്തരച്ചടങ്ങുകൾ, വീട്ടു സാധനങ്ങൾ വാങ്ങാൻ, കേസ് നടത്താൻ, തീർഥയാത്രയ്ക്കും വിനോദസഞ്ചാരത്തിനും എന്നിവയ്ക്ക് 12 മാസത്തെ ശമ്പളമോ പി എഫിൽ ഉള്ളതിന്റെ മുക്കാൽ ഭാഗമോ ഏതാണ് കുറവ് എന്നു വച്ചാൽ അതു പിൻവലിക്കാം. ഇതിനും 10 വർഷത്തെ സേവനം വേണം. ഓരോ വകുപ്പിന്റെയും തലവന് തന്നെ അപേക്ഷകളിന്മേൽ തീരുമാനമെടുക്കാം. സ്വന്തം സാക്ഷ്യപത്രം നൽകിയാൽ മതി. അനുബന്ധമായി തെളിവുകൾ ഒന്നും ഹാജരാക്കേണ്ടതില്ല.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക