വായിച്ചു വളരാം, ജൂണ്‍ 19 വായനാദിനം

മലയാളിയെ അക്ഷരത്തിന്‍റെ 
വെളിച്ചത്തിലേക്കും വായനയുടെ 
അത്ഭുതലോകത്തിലേക്കും 
കൈപിടിച്ചുയര്‍ത്തിയ മഹാനാണ് 
പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്‍റെ 
ചരമദിനമായ ജൂണ്‍ 19 വായനാദിനമായി 
ആചരിക്കുന്നു

 


ബുദ്ധിയുടേയും മനസിന്‍റെയും വളര്‍ച്ചയ്ക്കൊപ്പമേ ജീവിതത്തില്‍ ഉയര്‍ച്ചയും വിജയവും ഉണ്ടാവൂ. ബുദ്ധിയുടെയും മനസിന്‍റെയും വളര്‍ച്ചയ്ക്കുള്ള വളമാകുന്നത് വായനയാണ്. ഇതു തിരിച്ചറിഞ്ഞ് മലയാളിയെ അക്ഷരത്തിന്‍റെ വെളിച്ചത്തിലേക്കും വായനയുടെ അത്ഭുതലോകത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി ആചരിക്കുന്നു.
വായനാ ശീലം 
കുട്ടിക്കാലത്തേ വളര്‍ത്തിയെടുക്കേണ്ട ഏറ്റവും പ്രധാന ശീലമാണ് വായന. വായനയിലൂടെ മാത്രമേ പുതിയ ആശയങ്ങളുമായി പരിചയപ്പെടാനാകൂ. പുതിയ ആശയങ്ങള്‍, സങ്കല്‍പ്പങ്ങള്‍, സ്വപ്നങ്ങള്‍, ചിന്തകള്‍, അറിവുകള്‍, അനുഭവകഥകള്‍, പ്രവര്‍ത്തനരീതികള്‍, വിജയപരാജയകഥകള്‍ ഇങ്ങനെ നൂറുകണക്കിനുള്ള വിവരങ്ങളുമായി നാം നിരന്തരം പരിചയപ്പെടണം. അതിന് വായനയുമായി ചങ്ങാത്തത്തിലാകണം. ദിവസം
ഒരു മണിക്കൂറെങ്കിലും പാഠപുസ്തകത്തിനപ്പുറമുള്ള വായനയ്ക്കായി സമയം കണ്ടെത്തുക. ഇതിനു നാം ഒരു തയാറെടുപ്പ് നടത്തേണ്ടതുണ്ട്. ഒന്നാമതായി വേണ്ടത് നല്ല പുസ്തകങ്ങളുടെ ഒരു മുന്‍ഗണനാ ലിസ്റ്റ് തയാറാക്കലാണ്. ഇതിനു മുതിര്‍ന്നവരുടെ സഹായം തേടാം. അധ്യാപകരോടോ രക്ഷിതാക്കളോടോ ചോദിച്ച് വേണം ലിസ്റ്റ് തയാറാക്കാന്‍. നാലഞ്ചു വര്‍ഷം പഠിക്കാനും പ്രയോഗിക്കാനും പോകുന്ന വിഷയങ്ങള്‍കൂടി കണക്കിലെടുത്തുവേണം ലിസ്റ്റുണ്ടാക്കാന്‍. ഉദാഹരണമായി പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും എല്ലാ ക്ലാസിലും പഠിക്കാനുണ്ട്. അതിനാല്‍ ലിസ്റ്റില്‍ ഇത്തരം പുസ്തകങ്ങള്‍ നിര്‍ബന്ധമായും വേണം. പുരാണം, ചരിത്രം, ശാസ്ത്രം, ജീവചരിത്രങ്ങള്‍, ഉത്തമ സാഹിത്യരചനകള്‍ തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം. ഇതില്‍ നിന്നു മുന്‍ഗണനാ ക്രമത്തില്‍ പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ ഗ്രാമീണവായനശാലകളില്‍ നിന്നോ എടുക്കാം. ചെറിയ ചെറിയ സമ്പാദ്യങ്ങളുണ്ടാക്കി പുസ്തകങ്ങള്‍ വിലകൊടുത്തു വാങ്ങി വീട്ടില്‍ സ്വന്തമായി ഒരു ലൈബ്രറി ഉണ്ടാക്കാം. പുസ്തകങ്ങള്‍ ഒരു നല്ല സമ്പാദ്യം കൂടിയാണ്. വായിക്കാതെ വളര്‍ന്നാല്‍ വളയും എന്നേ കുഞ്ഞുണ്ണിമാസ്റ്റര്‍ എഴുതിയുള്ളൂ. എന്നാല്‍ വായിക്കാതെ വളര്‍ന്നാല്‍ തുലയമെന്ന് ഇതു തിരുത്തേണ്ട കാലമായി. കുഞ്ഞുണ്ണിമാസ്റ്ററിന്‍െറ കാലത്തേതില്‍ നിന്നു ലോകം മാറിയപ്പോഴാണ് ഇത്തരമൊരവസ്ഥ ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഉണരുക…! വായിക്കുക…! വിളയുക…! തുലയാതെ തല ഉയര്‍ത്തി ജീവിക്കുക…!
പി.എന്‍. പണിക്കര്‍
1909-ല്‍ കോട്ടയത്തെ നീലംപേരൂരിലാണ് പി.എന്‍. പണിക്കര്‍ ജനിച്ചത്. കൂട്ടുകാരോടൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് പി.എന്‍. പണിക്കര്‍ നാട്ടിലൊരു വായനശാലയുണ്ടാക്കി. 1926ല്‍ തന്‍റെ 17-ാം വയസില്‍. p n panickerസനാതനധര്‍മം വായനശാല എന്നായിരുന്നു ലൈബ്രറിയുടെ പേര്. അത് വിജയിച്ചതോടെ മറ്റു പ്രദേശങ്ങളിലും ഇത്തരം വായനശാലകള്‍ രൂപീകരിക്കാന്‍ അദ്ദേഹം നേതൃത്വം കൊടുത്തു. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകള്‍ രൂപീകരിക്കാനും അവ വായനശാലകള്‍ മാത്രമായി ഒതുങ്ങാതെ അതത് ദേശത്തെ സാംസ്കാരിക കേന്ദ്രങ്ങളായി ഉയര്‍ത്താനും അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു. തിരുവിതാംകൂറിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് ഗ്രന്ഥശാലാസംഘം രൂപീകരിക്കാന്‍ നേതൃത്വം കൊടുത്തതും പിന്‍.എന്‍. പണിക്കരാണ്. 1977-ല്‍ ഗ്രന്ഥശാലാ സംഘത്തെ സര്‍ക്കാര്‍ അംഗീകരിച്ചു. കേരള പബ്ലിക് ലൈബ്രറി ആക്റ്റ് നിലവില്‍ വന്നതും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായാണ്. കേരളത്തിലെ നിരക്ഷരത തുടച്ചുനീക്കാന്‍ ആദ്യം മുന്‍കൈയെടുത്തതും പി.എന്‍. പണിക്കരാണ്. ഇതിനായി കേരള അനൗപചാരിക വിദ്യാഭ്യാസ സമിതിയായ കാന്‍ ഫെഡ് (Kerala Association for NonFormal Education and Development) രൂപീകരിച്ചു. കാന്‍ഫെഡിന്‍റെ നേതൃത്വത്തില്‍ വായനശാലകളിലൂടെയും ക്ലബുകളിലൂടെയും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. എഴുത്തു പഠിച്ച് കരുത്തരാകുക, വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാകുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേരളത്തിനു നല്‍കിയതും അദ്ദേഹമാണ്.
സാഹിത്യം
സഹിതമായിട്ടുള്ളതെന്നാണ് സംസ്കൃതത്തില്‍ സാഹിത്യമെന്ന പദത്തിന് അര്‍ഥം. സഹിതം എന്നാല്‍ ഒരുമിച്ചിരിക്കുന്നത്. വാക്കിന് ശബ്ദവും അര്‍ഥവും ഉണ്ട്. ഇവ രണ്ടും ഒരുമിച്ചിരിക്കുന്നതാണ് സാഹിത്യം. ആഹ്ലാദം പകരുന്ന വാക്കുകളുടെ കൂട്ടമാണ് സാഹിത്യം. സുന്ദരങ്ങളായ വിചാരങ്ങളെ ശബ്ദരൂപത്തില്‍ പ്രകാശിപ്പിച്ചാല്‍ സാഹിത്യമായി. വെറും പാറക്കല്ലിനും പാറക്കല്ലില്‍ കൊത്തിയുണ്ടാക്കിയ പ്രതിമയ്ക്കും തമ്മിലുള്ള വ്യത്യാസം സാധാരണഭാഷയ്ക്കും സാഹിത്യത്തിനും തമ്മിലുണ്ട്.
ബാലകഥകളുടെ അത്ഭുതലോകം
കുട്ടികള്‍ക്ക് അറിവും ആഹ്ലാദവും പകര്‍ന്നു നല്‍കുന്ന രചനകളാണ് ബാലസാഹിത്യം. പണ്ടൊക്കെ കുട്ടികള്‍ മുത്തശിക്കഥകളിലൂടെ വായ്മൊഴിയായി കഥകള്‍ കേട്ടു രസിച്ചു. അച്ചടിവിദ്യയുടെ കണ്ടുപിടിത്തത്തോടെ ഇക്കഥകളെല്ലാം സമാഹരിക്കപ്പെട്ട് ലോകമെല്ലാം പ്രചരിച്ചു. വില്യം കാക്സ്റ്റണ്‍ എന്ന ഇംഗ്ലണ്ടുകാരന്‍ മുതിര്‍ന്നവര്‍ക്കുവേണ്ടി ഈസോപ്പുകഥകള്‍, 1474ല്‍ അച്ചടിച്ചുപുറത്തിറക്കി. RE1മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് ഇത് ഇഷ്ടപ്പെട്ടത്. ബാലസാഹിത്യ കൃതികള്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ പ്രചോദനമായത് ഈ സംഭവമാണ്. ഡാനിയല്‍ ഡിഫോയുടെ റോബിന്‍ സണ്‍ ക്രൂസോ, ജോനാഥന്‍ സ്വിഫറ്റിന്‍െറ ഗളിവേഴ്സ് ട്രാവല്‍സ് എന്നിവയാണ് ആദ്യകാലത്തെ പ്രമുഖ ബാലകൃതികള്‍. ബൈബിളും ഷേക്സ്പിയറുടെ നാടകങ്ങളുമെല്ലാം ഇക്കാലത്ത് കുട്ടികളും വായിച്ചു. 168 യക്ഷിക്കഥകളുമായി ആന്‍ഡേഴ്സണ്‍ രംഗത്തെത്തിയതോടെയാണ് ബാലസാഹിത്യശാഖ ഉണര്‍ന്നെണീറ്റത്. തുടര്‍ന്ന് ലൂയി കരോളിന്‍െറ ആലീസസ് അഡ്വഞ്ചേഴ്സ് ഇന്‍ വണ്ടര്‍ലാന്‍ഡ് പുറത്തുവന്നു. മൃഗങ്ങളെ കേന്ദ്രകഥാപാത്രമാക്കിയുള്ള രചനയ്ക്ക് തുടക്കം കുറിച്ചതും ഇക്കാലത്തു തന്നെ. അന്ന സ്യൂയല്‍ രചിച്ച ബ്ലാക് ബ്യൂട്ടി എന്ന കൃതി 1877ല്‍ പുറത്തു വന്നതോടെയാണിത്. ആര്‍.എല്‍. സ്റ്റീവന്‍സന്‍റെ ക്രഷര്‍ ഐലന്‍ഡ്, കിഡ്നാപ്ഡ് മുതലായ കൃതികളിലൂടെ പരിചയപ്പെട്ട കടല്‍കൊള്ളക്കാരുടെയും വീരപരാക്രമികളുടെയും ലോകം കുട്ടികളെ ആവേശഭരിതരാക്കി. റുഡ്യാര്‍ഡ് കിപ്ലിങ്ങിന്‍െറ ജംഗിള്‍ ബുക്കിലെ മൗഗ്ലി കുഞ്ഞുങ്ങളുടെ ഇഷ്ടതോഴനായി. സര്‍ ജയിംസ് ബാരി രചിച്ച നാടകം “പീറ്റര്‍ പാന്‍, ഫ്രാങ്ക് ബോം രചിച്ച “ദ വണ്ടര്‍ഫുള്‍ വിസാര്‍ഡ് ഓഫ് ഓസ്’ എന്നിവ ഇരുപതാംനൂറ്റാണ്ടില്‍ പിറന്ന പ്രശസ്ത ബാല സാഹിത്യ കൃതികളാണ്. ഹാരിപോട്ടര്‍ പരമ്പരയിലൂടെ ജെ. കെ. റൗളിങ് കോടിക്കണക്കിന് ബാലഹൃദയം കീഴടക്കി ജൈത്രയാത്ര തുടരുന്നു.
സര്‍ഗാത്മക സാഹിത്യവും വിജ്ഞാന സാഹിത്യവും
സാഹിത്യത്തിനു രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങളുണ്ട്; സര്‍ഗാത്മകവും വിജ്ഞാനപരവും. സര്‍ഗാത്മക സാഹിത്യം കല്‍പ്പനാസൃഷ്ടികളാണ്. വികാരത്തിനു മുന്‍തൂക്കം കൊടുക്കുന്ന ചെറുകഥ, കവിത, നാടകം, നോവല്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇതു ശക്തിയുടെ സാഹിത്യമെന്ന് അറിയപ്പെടുന്നു. വിജ്ഞാന സാഹിത്യത്തില്‍ ജീവിതാവസ്ഥയുടെ യാഥാര്‍ഥ്യങ്ങള്‍ കാണാം. വിചാരപ്രദങ്ങളായ ഉപന്യാസം, ജീവചരിത്രം, യാത്രാവിവരണം, ആത്മകഥ, എഴുത്തുകള്‍, ഡയറിക്കുറിപ്പുകള്‍, അറിവു നല്‍കുന്ന കൃതികള്‍, ശാസ്ത്രരചനകള്‍ എന്നിവ ഈ വിഭാഗത്തില്‍പെടുന്നു. റഫറന്‍സ് ഗ്രന്ഥങ്ങള്‍, വിജ്ഞാനകോശങ്ങള്‍, നിഘണ്ടുക്കള്‍ തുടങ്ങിയവയും വൈജ്ഞാനിക സാഹിത്യത്തിന്‍റെ ഘടകങ്ങളാണ്. ഈ വിഭാഗം അറിവിന്‍റെ സാഹിത്യം എന്നറിയപ്പെടുന്നു.
വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങള്‍
. പാളയില്‍നിന്ന് പ്ലാസ്റ്റിക്കിലേക്ക് (കുഞ്ഞുണ്ണി)
. കാവുതീണ്ടല്ലേ (സുഗതകുമാരി)
. അമ്മയെ മറന്നുപോകുന്ന ഉണ്ണികള്‍ (കെ. അരവിന്ദാക്ഷന്‍)
. ഞാനൊരു നിശബ്ദ കൊലയാളി (ഡോ. മാത്യു കോശി    പുന്നയ്ക്കാട്)
. കുടിവെള്ളം (കെ. അജയകുമാര്‍)
. നമ്മുടെ ജലവിഭവങ്ങള്‍ (റാം)
. പ്ലാസ്റ്റിക്കും പരിസ്ഥിതിയും (ഡോ. എ. ബിജുകുമാര്‍, ഡോ. ആര്‍. അജയകുമാര്‍)
. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍െറ ജീവിതം (പൊക്കുടന്‍)
. ഹരിതചിന്തകള്‍ (എം.കെ. പ്രസാദ്)
. ഭൂമിക്ക് ഒരു അവസരം നല്‍കൂ (പി.പി.കെ. പൊതുവാള്‍)
. ഭൂമിക്ക് പനി (പി.എസ്. ഗോപിനാഥന്‍ നായര്‍)
. പ്രകൃതി സംരക്ഷണം (പ്രൊഫ. എം.കെ. പ്രസാദ്)
. നമ്മുടെ ആരോഗ്യം നമ്മുടെ പരിസ്ഥിതി (അജിത് വെണ്ണിയൂര്‍)
. ഒറ്റ വൈക്കോല്‍ വിപ്ലവം (ഫുക്കുവോക്ക)
. പ്രകൃതിയിലേക്ക് മടങ്ങാന്‍ (ഫുക്കുവോക്ക)
. സുന്ദരികളും സുന്ദരന്‍മാരും (ഉറൂബ്)
. ഒരു ദേശത്തിന്‍റെ കഥ (എസ്.കെ. പൊറ്റെക്കാട്)
. ജീവിതപ്പാത (ചെറുകാട്)
. അരങ്ങുകാണാത്ത നടന്‍ (തിക്കോടിയന്‍)
. ബാല്യകാല സ്മരണകള്‍ (മാധവിക്കുട്ടി)
. നാലുകെട്ട് (എം.ടി. വാസുദേവന്‍ നായര്‍)
. രണ്ടാമൂഴം (എം.ടി. വാസുദേവന്‍ നായര്‍)
. ഇനി ഞാന്‍ ഉറങ്ങട്ടെ (പി.കെ. ബാലകൃഷ്ണന്‍)
. ഭാരതപര്യടനം ( കുട്ടിക്കൃഷ്മാരാര്‍)
. കണ്ണീരും കിനാവും (വി.ടി. ഭട്ടതിരിപ്പാട്)
. കാടുകളുടെ താളം തേടി (സുജാത ദേവി)
ഋഗ്വേദം
         ലോകത്തിലെ ആദ്യ സാഹിത്യകൃതിയാണ് ഋഗ്വേദം. അറിയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പുരാതനമായ സാഹിത്യകൃതിയെന്നു ഋഗ്വേദത്തെ വിശേഷിപ്പിക്കുന്നു. സംസ്കൃതഭാഷയിലുള്ള ഈ ഗ്രന്ഥമാണ് ഭാരതീയസാഹിത്യത്തിനും കലകള്‍ക്കും ചിന്താപദ്ധതികള്‍ക്കും ശാസ്ത്രപഠനങ്ങള്‍ക്കുമെല്ലാം വഴിതെളിച്ചത്. പല ഋഷികുലങ്ങളില്‍പ്പെട്ടവര്‍ രചിച്ച വേദമന്ത്രങ്ങളെ സംഹിതകളാക്കി ക്രമപ്പെടുത്തിയത് കൃഷ്ണദ്വൈപായനനാണ്. തന്മൂലം അദ്ദേഹം വേദവ്യാസന്‍ എന്നും അറിയപ്പെട്ടു.
പഞ്ചതന്ത്രം ലോകസാഹിത്യത്തിലെ ആദ്യ ബാലകഥാസമാഹാരം
         പണ്ടു പണ്ട് അമരശക്തി എന്നു പേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം വിദ്യാവിദഗ്ധനും സകലകലാ വല്ലഭനുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍െറ മക്കളായ ബഹുശക്തി, അനന്തശക്തി, ഉഗ്രശക്തി എന്നീ മൂന്നു രാജകുമാരന്മാരും മണ്ടന്മാരായിപ്പോയി. പല ഗുരുക്കന്മാരേയും ഏര്‍പ്പെടുത്തിയെങ്കിലും ഇവരെ പഠിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും തോറ്റു പിന്‍വാങ്ങി. ഒടുവില്‍ വിഷ്ണു ശര്‍മന്‍ എന്ന ബ്രാഹ്മണന്‍ ഇവരെ വിദ്യ അഭ്യസിപ്പിക്കാനുള്ള ചുമതലയേറ്റു. RE2 
അദ്ദേഹം കുട്ടികളെ സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ ബ്രാഹ്മണന്‍ അവര്‍ക്ക് നിരന്തരമായി കഥകള്‍ പറഞ്ഞുകൊടുത്തു. കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്… ? കൊച്ചു തിരുമേനിമാര്‍ കഥ രസിച്ചു കേട്ടു. ആറുമാസം കഴിഞ്ഞപ്പോഴേക്കും നീതിശാസ്ത്രത്തിലും രാജതന്ത്രത്തിലും വേണ്ട അറിവുകളൊക്കെ ഈ കഥകളിലൂടെ ഗുരുനാഥന്‍ അവര്‍ക്കു പകര്‍ന്നുകൊടുത്തു. ആ കഥകളാണ് പഞ്ചതന്ത്രമെന്ന പേരില്‍ പില്‍ക്കാലത്ത് ലോകമെങ്ങും പ്രസിദ്ധമായത്. ലോകസാഹിത്യത്തില്‍ ആദ്യമായുണ്ടായ ബാല കഥാസമാഹാരമാണ് പുരാതന ഭാരതത്തിലെ ബാലസാഹിത്യ കൃതിയായ പഞ്ചതന്ത്രം. അഞ്ചു ഭാഗങ്ങളുള്ളതുകൊണ്ടാണ് ഇതിന് പഞ്ചതന്ത്രം എന്ന പേരു ലഭിച്ചത്. മിത്രഭേദം (കൂട്ടുകാരെ ഭിന്നിപ്പിക്കല്‍), മിത്രസംപ്രാപ്തി (കൂട്ടുകാരെ സമ്പാദിക്കല്‍), കാകോലൂകികം (കാക്കകളും മൂങ്ങകളും തമ്മിലുള്ള യുദ്ധം), ലബ്ധപ്രണാംശം (കൈയിലുള്ളത് നഷ്ടപ്പെടല്‍), അസമീക്ഷികാരകം (വിവേകശൂന്യമായ പ്രവൃത്തി) എന്നിവയാണ് അഞ്ചു ഭാഗങ്ങള്‍. പഞ്ചതന്ത്രത്തില്‍ ആകെ 184 കഥകളുണ്ട്. സാധാരണ മനുഷ്യര്‍, ധീരനായകന്മാര്‍, സന്യാസിമാര്‍, ദൈവങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങി വിവിധതരം കഥാപാത്രങ്ങള്‍ ഇതിലുണ്ട്. പക്ഷികളും മൃഗങ്ങളും മനുഷ്യരെപ്പോലെ ചിന്തിക്കുന്നു. അവര്‍ പാണ്ഡിത്യം പ്രകടിപ്പിക്കുന്നു. ബുദ്ധിശൂന്യത വെളിവാക്കുന്നു.
കടപ്പാട്‌ : മെട്രോ  വാര്ത്ത

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക