പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഇ-വേക്കന്‍സി സോഫ്റ്റ്‌വെയര്‍ മുഖേന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഇ-വേക്കന്‍സി സോഫ്റ്റ്‌വെയര്‍ മുഖേന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓരേ നിയമനാധികാരിയും ഒരു യൂസര്‍ നെയിമും പാസ്‌വേര്‍ഡും നിര്‍മ്മിക്കണം. സോഫ്റ്റ് വെയര്‍ മുഖേന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഓരോ വകുപ്പിലും/സ്ഥാപനത്തിലും നിലവിലുള്ള ഒരു ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്റര്‍-വേക്കന്‍സി മാസ്റ്റര്‍ യൂസര്‍ (വി.എം.യു) ആയി നിയോഗിക്കണം. വേക്കന്‍സി മാസ്റ്റര്‍ യൂസറിന്റെ ചുമതലകള്‍ ചുവടെ.
ഓരോ വകുപ്പിലെയും നിയമനാധികാരികള്‍ക്കും ഡേറ്റ എന്റര്‍ ചെയ്യുന്നതിനുള്ള എന്‍ട്രി ലെവല്‍ യൂസര്‍ക്കുമുള്ള യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉണ്ടാക്കി സോഫ്റ്റ് വെയര്‍ സംബന്ധിച്ച അറിവ് നല്‍കുക. സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം ഓരോ തസ്തികയുടെയും വിശദാംശങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ നമ്പര്‍ ഡേറ്റ എന്‍ട്രി ചെയ്യുക. കൂടാതെ ഉത്തരവുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് സോഫ്റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്യുക. ഒന്നിലധികം നിയമനാധികാരികളുള്ള വകുപ്പുകളില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്ന നിയമനാധികാരിയെ തിരിച്ചറിഞ്ഞ് ഈ ഉദ്യോഗസ്ഥന് അതിനുള്ള അനുവാദം നല്‍കുക. പ്രൊഫോര്‍മയില്‍ നിയമനാധികാരിയുടെ ഡിജിറ്റല്‍ ഒപ്പ് നിര്‍ബന്ധമായും ഉണ്ടാവണം. ഡിജിറ്റല്‍ ഒപ്പ് ആര്‍ജ്ജിക്കാത്ത നിയമനാധികാരികള്‍ അവ കരസ്ഥമാക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ഇതുവരെ ഡിജിറ്റല്‍ ഒപ്പ് ലഭിക്കാത്ത നിയമനാധികാരികള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസം തന്നെ പ്രൊഫോര്‍മയുടെ ഹാര്‍ഡ് കോപ്പി, നിയമനാധികാരിയുടെ ഒപ്പ് സഹിതം പി.എസ്.സിക്ക് അയയ്ക്കണം. ഈ പ്രൊഫോര്‍മ കമ്മീഷന് ലഭിക്കുന്ന മുറയ്ക്ക് ആ വിവരം പി.എസ്.സി സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തി നിയമനാധികാരിയെ തത്സമയം അറിയിക്കും. ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാ നിയമനാധികാരികളും കര്‍ശനമായി പാലിക്കേണ്ടതും പി.എസ.സി.യുടെ ഇ-മേവക്കന്‍സി സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണെന്നും ഇതു സംബന്ധിച്ച പരിപത്രത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (പരിപത്രം നം. 14816/ഉ.പ.സി3/2015/ഉഭപവ. തീയതി 01/12/2015