തിരഞ്ഞെടുപ്പിലെ ക്രമസമാധാന പാലനം: നിര്‍ദ്ദേശം നല്‍കി

തിരഞ്ഞെടുപ്പിലെ പോലീസ് വിന്യാസവും മാരകായുധങ്ങള്‍ കൈവശം വെക്കുന്നതിനെതിരെയുളള നടപടികളും വാഹന പരിശോധനയും സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പില്‍ പോലീസ് വിന്യാസത്തില്‍ പ്രതേ്യക കരുതല്‍ നടപടികള്‍ കൈക്കൊളളണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളവും ഫലപ്രഖ്യാപനം നടന്ന് ഒരാഴ്ച്ച കഴിയുംവരെയും മാരകായുധങ്ങള്‍ കൈവശം കൊണ്ടു നടക്കരുത് എന്ന് വ്യാപക പ്രചാരണത്തിലൂടെ ജനങ്ങളെ അറിയിക്കണം. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരെയെങ്കിലും ഇത്തരം മാരകായുധങ്ങളുമായി കണ്ടാല്‍ അവരെ കര്‍ശനമായി നേരിടുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും വേണം. വോട്ടെടുപ്പ് ദിനത്തിനു മൂന്നു ദിവസം മുമ്പും വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെയും സാമൂഹിക വിരുദ്ധരോ ആയുധങ്ങളോ പുറത്തുനിന്ന് നിയോജക മണ്ഡലങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വാഹന പരിശോധനയിലൂടെ ഉറപ്പുവരുത്തണം.കുറ്റവാളികളെ പിടികൂടുകയും ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുക്കുകയും വേണം.