ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം (Lotus Temple) എന്ന ബഹായ് ക്ഷേത്രം. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ ഇത് സന്ദർശിക്കാറുണ്ട്. 1986 പണിതീർന്ന ഈ ക്ഷേത്രം ഇന്ത്യയിലെ
ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ
അമ്പലങ്ങളിൽ ഒന്നാണ്. ഇതിന്റെ ശില്പ ചാതുര്യത്തിന് ഒരു പാട് പുരസ്കാരങ്ങൾ
ലഭിച്ചിട്ടുണ്ട്.
താമരപ്പൂവിന്റെ
ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട്
മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്.
ഇതിന്റെ ശില്പി ഇപ്പോൾ കാനഡയിൽ താമസമാക്കിയിരിക്കുന്ന ഫരിബോസ് സഹ്ബ എന്ന ഇറാൻകാരനാണ്. ഇതിരിക്കുന്ന ഭൂമിയുടെ വിലയും നിർമ്മാണച്ചെലവും പ്രധാനമായും നൽകിയത് അർദിശിർ രുസ്തംപൂർ എന്ന ഹൈദരബാദുകാരനാണ്. തന്റെ ജീവിത സമ്പാദ്യം മുഴുവനും അദ്ദേഹം ഇതിനു വേണ്ടി 1953 ൽ ചിലവഴിച്ചു.
ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഒൻപത് വാതിലുകൾ ഇതിന്റെ ഒരു നടുത്തളത്തിലെക്ക്
തുറക്കുന്നു. നടുത്തളത്തിൽ ഏകദേശം 2500-ഓളം ആളുകൾക്ക് ഇരിക്കാനുള്ള
സൌകര്യം ഉണ്ട്. 40 മീറ്ററിലധികം ഉയരമുള്ള നടുത്തളത്തിന്റെ തറ വെള്ള മാർബിൽ
കൊണ്ട് നിർമിതമാണ്. ഇത് സ്ഥിതി ചെയ്യുന്നത്, ബഹാപൂർ എന്ന ഗ്രാമത്തിൽ, ചുറ്റുവട്ടത്ത് ഒൻപത് കുളങ്ങളോട് കൂടിയ 26 ഏക്കർ സ്ഥലത്താണ്. 1986 ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു ശേഷം 2002 വരെ, ഇവിടം 500 ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ചു എന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് ഇത്.