കേരളത്തെ
പുകയില പരസ്യരഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു. രാഷ്ട്രശില്പി പണ്ഡിറ്റ്
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനാഘോഷ ഭാഗമായി ആരോഗ്യവകുപ്പ്
കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തലയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന യോഗ പദ്ധതിയുടെ ഉദ്ഘാടനം,
കഴിഞ്ഞ വര്‍ഷം ആരംഭിച്ച നവജാതശിശു സമ്പൂര്‍ണ്ണ ആരോഗ്യപരിശോധനാ
പരിപാടിയുടെയും പോലീസ് ജീവനക്കാര്‍ക്കായി ഈ വര്‍ഷം ആരംഭിച്ച ഷേപ്പ്
പദ്ധതിയുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ സമര്‍പ്പണം എന്നിവയും
ആഭ്യന്തരമന്ത്രി നിര്‍വ്വഹിച്ചു.
നവജാതശിശു സമ്പൂര്‍ണ്ണ ആരോഗ്യപരിശോധനാ പരിപാടിയില്‍ 18 മാസംകൊണ്ട് ഒരു
ലക്ഷത്തിലധികം ശിശുക്കളെ പരിശോധിച്ചതായി അധ്യക്ഷ പ്രസംഗത്തില്‍
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതില്‍ 50 കുഞ്ഞുങ്ങള്‍ക്ക്
കന്‍ജനിറ്റല്‍ ഹൈപ്പോതൈറോയിഡിസവും ഒരു കുഞ്ഞിന് കന്‍ജനിറ്റല്‍ അഡ്രീനല്‍
ഹൈപ്പര്‍പ്ലേസിയയും ഉള്ളതായി കണ്ടെത്തി. ഇവരിപ്പോള്‍ ചികിത്സയിലാണ്.
പരിശോധനയ്ക്കു വിധേയരാക്കിയതുമൂലം 50 കുഞ്ഞുങ്ങളെയും
ബുദ്ധിമാന്ദ്യത്തില്‍നിന്നും രക്ഷിക്കാന്‍ കഴിഞ്ഞതായി മന്ത്രി
ചൂണ്ടിക്കാട്ടി. മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ നല്‍കി സുഖപ്പെട്ട രണ്ട്
കുട്ടികളും അവരുടെ മാതാപിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സംസ്ഥാനത്തെ നാല് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ വഴി മെഡിക്കല്‍ കോളേജുകള്‍
ഉള്‍പ്പെടെയുള്ള 44 ഗവണ്‍മെന്റ് ആശുപത്രികളില്‍ ജനിച്ച കുട്ടികളെയാണ്
പരിശോധനയ്ക്ക് വിധേയരാക്കിയത്. വിദ്യാലയാരോഗ്യ പദ്ധതിയില്‍ മികച്ച
പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സ്‌കൂളുകള്‍ക്ക് മന്ത്രി കാഷ് അവാര്‍ഡ്
പ്രഖ്യാപിച്ചു. ഒരു ലക്ഷം, അമ്പതിനായിരം, ഇരുപത്തിയയ്യായിരം രൂപ വീതമാണ്
യഥാക്രമം ഒന്നും രണ്ടും മൂന്നും അവാര്‍ഡുകള്‍.
ആരോഗ്യവകുപ്പ് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച
പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മേയര്‍ കെ. ചന്ദ്രിക നിര്‍വ്വഹിച്ചു.
എന്‍എച്ച്എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യവകുപ്പ്
ഡയറക്ടര്‍ ഡോ. പി.കെ. ജമീല തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി.എന്‍.എക്‌സ്.5662/14