കുട്ടികളെ തല്ലുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇനി മുതല്‍ ജയില്‍ ശിക്ഷ!

ന്യൂഡല്‍ഹി: വേണ്ടതിനും വേണ്ടാത്തതിനും കുട്ടികളെ തല്ലുന്ന അധ്യാപകരും മാതാപിതാക്കളും ജാഗ്രതൈ! ബാലനീതി നിയമത്തിലെ ഭേദഗതി ബില്ലില്‍ വിദ്യാര്‍ത്ഥികളെ തല്ലുന്ന അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമെതിരെ കടുത്ത ശിക്ഷയ്ക്ക് ശുപാര്‍ശ. ഇത്തരം കേസുകളില്‍ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അഞ്ച് വര്‍ഷം വരെ പരമാവധി തടവ് നല്‍കണമെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിലപാട്. നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കരട് ബില്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനക്കയച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബാലനീതി നിയമത്തിലാണ് കുട്ടികള്‍ക്കെതിരായ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് കര്‍ശന ശിക്ഷകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്നും 16 ആക്കി ഭേദഗതി ചെയ്ത നിയമത്തിലാണ് പുതിയ ശുപാര്‍ശകളും ഉള്‍പ്പെടുന്നത്. കുട്ടികള്‍ക്ക് കരുതലും സുരക്ഷയും എന്ന പേരിലാണ് പുതിയ നിയമം അവതരിക്കുന്നത്. പല പാശ്ചാത്യരാജ്യങ്ങളിലും മാതാപിതാക്കള്‍ പോലും കുട്ടികളെ ശകാരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത് കടംകൊണ്ടാണ് ബാലനീതി നിയമം പരിഷ്‌ക്കരിക്കാനുള്ള വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നീക്കം. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചാല്‍ ആദ്യം ആറുമാസം തടവും പിഴ ശിക്ഷയും നല്‍കും. ആവര്‍ത്തിച്ചാല്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാകും. റാഗിംഗിന് മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ഇവരെ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍ബന്ധമായും പുറത്താക്കണമെന്നും പുതിയ നിയമത്തിലുണ്ട്. പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികളാണെങ്കില്‍ റാഗിംഗിന് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ സ്ഥാപന മേധാവിക്കും മൂന്നു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടിവരും. അതേസമയം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പ്രായം നോക്കാതെ കുറ്റകൃത്യത്തിന്റെ കാഠിന്യം നോക്കി ശിക്ഷിക്കണമെന്നും പരിഷ്‌ക്കരിച്ച ബാലനീതി നീയമത്തിലുണ്ട്
http://www.indiavisiontv.com/2014/08/03/342856.html