സൂര്യാഘാതം; ജോലി സമയം പുന:ക്രമീകരിച്ചു.

സൂര്യാഘാതം; ജോലി സമയം പുന:ക്രമീകരിച്ചു.
അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പി.ജി. തോമസ് ഉത്തരവായി. മാധ്യമ റിപ്പോര്‍ട്ടുകളുടേയും ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് നടപടി. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി തൊഴിലുടമകള്‍ നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകാര്‍ക്ക് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് ജോലി സമയം പുന:ക്രമീകരിക്കേണ്ടത്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള, സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ഉത്തരവ് നടപ്പിലാക്കി ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം