'' ഹലോ ഡോക്ടര്‍ അല്ലേ...... ഇത് ഉമ്മന്‍ ചാണ്ടിയാണ് ''

'' ഹലോ ഡോക്ടര്‍ അല്ലേ...... ഇത് ഉമ്മന്‍ ചാണ്ടിയാണ് ''
'' ഹലോ ഡോക്ടര്‍ അല്ലേ...... ഇത് ഉമ്മന്‍ ചാണ്ടിയാണ് '' സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഇരുന്ന് മുഖ്യമന്ത്രി ഫോണ്‍ ചെയ്തു. മറുതലയ്ക്കല്‍ നിന്നും മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്ത് ഡോക്ടര്‍ സംസാരിച്ചു. ഡോക്ടറുമായി രോഗവിവരങ്ങള്‍ ഫോണില്‍ സംസാരിച്ച് ഉപദേശം തേടാന്‍ രോഗികള്‍ക്ക് സൗകര്യമൊരുക്കുന്ന ആരോഗ്യ വകുപ്പിന്റെ ഡയല്‍ എ ഡോക്ടര്‍ പദ്ധതിയും ജീവിതശൈലീരോഗ നിര്‍ണ്ണയ പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണക്കാര്‍ക്കും ഏതു സമയത്തും ഡോക്ടറുടെ ഉപദേശം തേടാന്‍ സാധ്യമാവുന്നത് ആരോഗ്യരംഗത്ത് സുപ്രധാന ചുവട്‌വെപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി.ഐ.പി.കള്‍ക്കും ധനാഢ്യര്‍ക്കും മാത്രം ലഭിച്ചിരുന്ന സൗകര്യമാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കുന്നത്. ആരോഗ്യരംഗത്ത് ഏറ്റവും മെച്ചപ്പെട്ട സേവനം ലഭ്യമാവുന്നിടമാണ് കേരളം. ഇത് എല്ലാവര്‍ക്കും കിട്ടുന്ന സാഹചര്യം ആവശ്യമാണ്. ഡോക്ടര്‍മാരുടെ സഹകരണം ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.ആര്‍.എച്ച്.എം. പദ്ധതിയായി കഴിഞ്ഞവര്‍ഷം ആരംഭിച്ച ദിശ പരീക്ഷാപ്പേടി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങിയതാണെന്ന് അദ്ധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പദ്ധതി വിപുലീകരിച്ച് പൊതുജനങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ ഉപദേശം തേടാന്‍ പ്രാപ്തമാക്കുകയാണ്. ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. ഇതിന്റെ ആദ്യപടിയായാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പരിശോധിച്ച് കണ്ടെത്തുന്നത്. തൊഴില്‍ ശാലകളിലും പൊതുസ്ഥലങ്ങളിലും എത്തി ആരോഗ്യസംഘം രോഗനിര്‍ണ്ണയിച്ച് ചികിത്സ നല്‍കും. ദൂരെദിക്കുകളിലും ജലമാര്‍ഗ്ഗം മാത്രം എത്താവുന്നിടത്തും ആരോഗ്യസംഘം എത്തുമെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് ഒരു കോടി അള്‍ക്കാരില്‍ രോഗനിര്‍ണ്ണയം നടത്താനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഐ.ടി.മിഷനും ആരോഗ്യവകുപ്പും കൈകോര്‍ക്കുന്ന ഡയല്‍ എ ഡോക്ടര്‍ പദ്ധതിയില്‍ 1056 ല്‍ വിളിച്ചാല്‍ ഡോക്ടറുമായി സംസാരിക്കാം. പ്രഥമശുശ്രൂഷ, വാക്‌സിനേഷന്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയില്‍ വിദഗ്ദ്‌ധോപദേശം ഡോക്ടര്‍ നല്‍കും. 74 വിദഗ്ദ്ധഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരു സമയം ഏഴോ എട്ടോ പേര്‍ ലൈനില്‍ കാണും. പരീക്ഷാ കാലയളവില്‍ 10 മനശാസ്ത്രവിദഗ്ദ്ധരും പരീക്ഷാപ്പേടിയകറ്റാന്‍ സഹായത്തിനെത്തും.